Trading

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഓട്ടോ, ഐടി, ക്യാപിറ്റല്‍ ഗുഡ്സ് തുടങ്ങിയ ഓഹരികളിലെ വില്പന സമ്മര്‍ദമാണ് തുടക്കത്തില്‍ വിപണിയെ ബാധിച്ചത്. എന്നാല്‍ ആഗോള വിപണികളില്‍ നിന്നുള്ള ശുഭസൂചനകള്‍ നഷ്ടം കുറച്ചു. രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്സ് 500 പോയിന്റോളം താഴ്ന്നെങ്കിലും പിന്നീട് തിരിച്ചുകയറി. ഒടുവില്‍ 84.88 പോയിന്റ് നഷ്ടത്തില്‍ 56,975.99ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 33.40 പോയന്റ് താഴ്ന്ന് 17,069.10ലും വ്യാപാരം അവസാനിപ്പിച്ചു.

ഐഷര്‍ മോട്ടോഴ്സ്, ടൈറ്റാന്‍ കമ്പനി, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. സെക്ടറല്‍ സൂചികകളില്‍ ക്യാപിറ്റല്‍ ഗുഡ്സ്, ഓട്ടോ, ഐടി സൂചികകള്‍ ഒരു ശതമാനത്തോളം നഷ്ടം നേരിട്ടു. എഫ്എംസിജി, മെറ്റല്‍, പവര്‍, റിയാല്‍റ്റി സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.47 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.87 ശതമാനവും നഷ്ടത്തിലായിരുന്നു.

Author

Related Articles