Trading

ഓഹരി വിപണിയില്‍ നഷ്ടം; നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു

കൃത്യമായ ദിശ നിര്‍ണയിക്കാനാകാതെ പ്രധാന സൂചികകളെല്ലാം ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറുന്നതിനാണ് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. ആഗോള സൂചനകള്‍ ദുര്‍ബലമായതും തിരിച്ചടിയായി. നിര്‍ണായക പ്രതിരോധം ഭേദിക്കാന്‍ കഴിയാതെ വന്നതോടെ വ്യാപാരത്തില്‍ ഏറിയ പങ്കും നഷ്ടത്തിന്റെ മേഖലയിലായിരുന്നു സൂചികകള്‍. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 44 പോയിന്റ് നഷ്ടത്തില്‍ 17,516-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 143 പോയിന്റ് ഇടിഞ്ഞ് 58,644-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 232 പോയിന്റ് നഷ്ടത്തോടെ 38,789-ലും വ്യാപാരം അവസാനിപ്പിച്ചു.

വെളളിയാഴ്ചത്തെ വ്യാപാരം ബെയറീഷ് ചായ്വോടെയുള്ള ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. 17,400- 17,800 റേഞ്ചിനുള്ളില്‍ സ്ഥിരതയാര്‍ജിച്ചേക്കാം. അതേസമയം, 17,400-ന് താഴെ നിഫ്റ്റി ക്ലോസ് ചെയ്യാത്തിടത്തോളം സൂചികയിലെ ട്രെന്‍ഡ് പോസിറ്റീവായി തുടരും. അതേസമയം, 17,650 നിലവാരം തൊട്ടടുത്ത റെസിസ്റ്റന്‍സായും തുടര്‍ന്ന് 17,750- 17,800 നിലവാരം ശക്തമായ പ്രതിരോധവും സൃഷ്ടിക്കാം. ബാങ്ക്-നിഫ്റ്റിയെ സംബന്ധിച്ച് 38,860 നിലവാരം തകര്‍ന്നാല്‍ ഇപ്പോഴുള്ള കുതിപ്പിനെ ബാധിക്കാം.

30 പോയിന്റ് നേട്ടത്തോടെ 17,590-ലാണ് നിഫ്റ്റിയില്‍ ഇന്ന് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 17,600 നിലവാരം ഭേദിച്ച് മുന്നേറാന്‍ ശ്രമിച്ചെങ്കിലും 17,617-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി താഴേക്ക് വീണു. തുടര്‍ന്നും 17,600 മറികടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ സൂചിക 17,500 നിലവാരത്തിലേക്ക് താഴ്ന്നെങ്കിലും അവിടെ ഏറെ നേരം തങ്ങിനിന്നു. ഉച്ചയ്ക്കു ശേഷം ശക്തമായ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടപ്പോള്‍ 17,462-ലേക്ക് വീണ് ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തുകയും അവിടെ നിന്നും പിന്തുണയാര്‍ജിച്ച് 17,500-ന് മുകളിലേക്ക് കയറി. വ്യാഴാഴ്ച 17,560-ലായിരുന്നു നിഫ്റ്റി ക്ലോസ് ചെയ്തത്.

Author

Related Articles