Trading

റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത തീരുമാനത്തില്‍ വിപണി വീണു

റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത തീരുമാനത്തില്‍ വിപണി വീണു. റിപ്പോ നിരക്ക് 4.40 ശതമാനമാക്കി ഉയര്‍ത്താനുള്ള ആര്‍ബിഐയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ വിപണി ഇടിവിന് സാക്ഷ്യം വഹിച്ചു. 50 ബിപിഎസ് നിരക്ക് വര്‍ധന പ്രതീക്ഷിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് മീറ്റിംഗ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ വിപണികള്‍ ഇതിനകം തന്നെ അനിശ്ചിതത്വത്തിലും ആശങ്കയിലുമാണ് മുന്നോട്ടുപോകുന്നത്. അതിനിടെയാണ് ആര്‍ബിഐയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1306 അഥവാ 2.26 ശതമാനം ഇടിഞ്ഞ് 55,669 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 2.29 ശതമാനം അഥവാ 391 പോയ്ന്റ് ഇടിഞ്ഞ് 16,677 പോയ്ന്റിലും ക്ലോസ് ചെയ്തു. ഇന്ത്യന്‍ ഓഹരി വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എല്‍ഐസിയുടെ ഐപിഒ ഇന്ന് തുറന്നെങ്കിലും വിപണിക്ക് നേട്ടമായില്ല. ബാങ്കിംഗ്, എന്‍ബിഎഫ്സി, ഹൗസിംഗ് ഫിനാന്‍സ്, ഓട്ടോ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകള്‍ കനത്ത നഷ്ടം രേഖപ്പെടുത്തി.

സെന്‍സെക്സ് ഓഹരികളില്‍, ടൈറ്റന്‍, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ് എന്നിവ നാല് ശതമാനം വീതം ഇടിഞ്ഞു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി എന്നിവയാണ് മൂന്ന് ശതമാനത്തോളം നഷ്ടം നേരിട്ട മറ്റ് കമ്പനികള്‍. പവര്‍ഗ്രിഡ് കോര്‍പ്പറേഷനും എന്‍ടിപിസിയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചിക നാല് ശതമാനത്തോളം ഇടിഞ്ഞു. ഹെല്‍ത്ത് കെയര്‍, ടെലികോം, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍, റിയാലിറ്റി സൂചികകളും 2-3 ശതമാനം വീതം ഇടിഞ്ഞു.

Author

Related Articles