Trading

നാലുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് സൂചികകള്‍

മുംബൈ: നാലുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് സൂചികകള്‍. നിഫ്റ്റി 17,800ന് താഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. സെന്‍സെക്സ് 621.31 പോയിന്റ് നഷ്ടത്തില്‍ 59,601.84ലിലും നിഫ്റ്റി 179.40 പോയിന്റ് താഴ്ന്ന് 17,754.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റിയുടെ യോഗതീരുമാനം പുറത്തുവന്നതിനെതുടര്‍ന്ന് യുഎസ് ട്രഷറി ആദായം 1.7ശതമാനത്തിലേയ്ക്ക ഉയര്‍ന്നത് ആഗോള വിപണിയില്‍ കനത്ത വില്പന സമ്മര്‍ദമുണ്ടാക്കി.

ഒമിക്രോണ്‍ വ്യാപനം നാലാം പാദഫലങ്ങളെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലുകളും കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തില്‍നിന്ന് നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതും സൂചികകളില്‍ പ്രതിഫലിച്ചു. ജെഎസ്ഡബ്ല്യു സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രടെക് സിമെന്റ്സ്, ടെക് മഹീന്ദ്ര, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രാധാനമായും നഷ്ടത്തിലായത്.

യുപിഎല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളൊഴികെയുള്ളവ നഷ്ടം നേരിട്ടു. ഐടി, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

Author

Related Articles