Trading

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മെറ്റല്‍, സ്വകാര്യ ബാങ്ക്, ഓട്ടോ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ റിയാല്‍റ്റി, എഫ്എംസിജി, ഐടി വിഭാഗങ്ങള്‍ നഷ്ടം നേരിട്ടു. സെന്‍സെക്സ് 93.91 പോയിന്റ് താഴ്ന്ന് 55,675.32ലും നിഫ്റ്റി 18.50 പോയിന്റ് നഷ്ടത്തില്‍ 16,565.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജൂണ്‍ എട്ടിന് പുറത്തുവരാനിരിക്കുന്ന എംപിസി യോഗ തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് വിപണിക്ക് തിരിച്ചടിയായത്. മറ്റ് ഏഷ്യന്‍ സൂചികകളായ നിക്കി, കോസ്പി, ഷാങ്ഹായ് കോംപോസിറ്റ് തുടങ്ങിയവ നേട്ടമുണ്ടാക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ബെയ്ജിങിന്റെ തീരുമാനം, പണപ്പെരുപ്പ നിയന്ത്രിക്കാനെടുക്കുന്ന നടപടികള്‍ എന്നിവയാണ് യൂറോപ്യന്‍, എഷ്യന്‍ സൂചികകള്‍ നേട്ടമാക്കിയത്.

ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി, എല്‍ആന്‍ഡ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് സമ്മര്‍ദംനേരിട്ടത്. ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 77.63 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

Author

Related Articles