Trading

റെക്കോഡ് തിരുത്തി സൂചികകള്‍ വീണ്ടും കുതിച്ചു; സെന്‍സെക്സ് 52,475 നിലവാരത്തില്‍

മുംബൈ: എക്കാലത്തെയും റെക്കോഡ് തിരുത്തി സൂചികകള്‍ വീണ്ടും കുതിച്ചു. ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളിലെ നേട്ടമാണ് വിപണിക്ക് തുണയായത്. സെന്‍സെക്സ് 174.29 പോയിന്റ് നേട്ടത്തില്‍ 52,474.76ലും നിഫ്റ്റി 61.60 പോയിന്റ് ഉയര്‍ന്ന് 15,799.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ തുടങ്ങിയതും കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ കുറവുണ്ടായതും മണ്‍സൂണ്‍ പ്രതീക്ഷയുമൊക്കെയാണ് വിപണിയില്‍ പ്രതിഫലിച്ചത്.

യുഎസ്, യൂറോ മേഖലകളിലെ ബോണ്ട് ആദായം താഴ്ന്നത് ആഗോള വിപണികളെ സ്വാധീനിച്ചു. 2008 ഓഗസ്റ്റിനുശേഷം ഇതാദ്യമായി യുഎസിലെ പണപ്പെരുപ്പ നിരക്ക് അഞ്ചുശതമാനത്തിലെത്തി. ഫെഡ് റിസര്‍വ് പലിശ നിരക്ക് തല്‍ക്കാലം വര്‍ധിപ്പിക്കില്ലെന്ന വിശ്വാസം ആഗോള വിപണികളെ ഉണര്‍ത്തി. ബ്രിട്ടണിലെ സാമ്പത്തികമേഖല ഉണര്‍വ് പ്രകടിപ്പിച്ചതും വിപണി നേട്ടമാക്കി.

ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.14ശതമാനം നേട്ടത്തിലും സ്മോള്‍ ക്യാപ് സൂചിക 0.4ശതമാനം ഉയര്‍ന്നുമാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി മെറ്റല്‍ സൂചിക മൂന്നുശതമാനവും ഐടി, ഫാര്‍മ സൂചികകള്‍ ഒരുശതമാനത്തിലേറെയും നേട്ടമുണ്ടാക്കി. റിയാല്‍റ്റി, പൊതുമേഖല ബാങ്ക് സുചികകള്‍ ഒരുശതമാനത്തോളം താഴുകയും ചെയ്തു.

News Desk
Author

Related Articles