Trading

ബാങ്കിങ് ഓഹരികളുടെ കുതിപ്പില്‍ സൂചികകള്‍ റെക്കോഡ് വീണ്ടും തിരുത്തി

മുംബൈ: ബാങ്കിങ് ഓഹരികളുടെ കുതിപ്പില്‍ സൂചികകള്‍ റെക്കോഡ് വീണ്ടും തിരുത്തി. സെന്‍സെക്സ് ഇതാദ്യമായി 59,000 കടന്നു. നിഫ്റ്റി 17,600ഉം. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 418 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 59,141 പോയിന്റാണ് സൂചിക പിന്നിട്ടത്. നിഫ്റ്റി 110 പോയന്റ് ഉയര്‍ന്ന് 17,629.50ലുമെത്തി.

ടെലികോം, ഓട്ടോ സെക്ടറുകളില്‍ കഴിഞ്ഞദിവസങ്ങളില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍, ആഗോള വിപണിയില്‍നിന്നുള്ള സൂചനകള്‍ എന്നിവയാണ് കഴിഞ്ഞദിവസങ്ങളിലെ നേട്ടത്തിന് തുടര്‍ച്ചയിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും റാലിയില്‍ പങ്കുചേര്‍ന്നു. യഥാക്രമം 25,384.22 പോയന്റും 28,456.77പോയന്റും വ്യാപാരത്തിനിടെ സൂചികകള്‍ മറികടന്നു.

നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 5.43 ശതമാനം നേട്ടമുണ്ടാക്കി. ബാങ്ക് സൂചിക 2.22ശതമാനവും ഉയര്‍ന്നു. അതേസമയം, മീഡിയ 1.71ശതമാനം നഷ്ടംനേരിട്ടു. മെറ്റല്‍, ഐടി സൂചികകളും നഷ്ടത്തിലായി. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി, എസ്ബിഐ, റിലയന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഓട്ടോ, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. ബിപിസിഎല്‍, ഗ്രാസിം, ടിസിഎസ്, ശ്രീ സിമെന്റ്സ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ടിസിഎസ്, യുപിഎല്‍, ഭാരതി എയര്‍ടെല്‍, വിപ്രോ, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

Author

Related Articles