Trading

സെന്‍സെക്സ് 882 പോയിന്റ് നഷ്ടത്തില്‍; നിഫ്റ്റി 258 പോയിന്റ് നഷ്ടത്തില്‍

മുംബൈ: ദിനവ്യാപാരത്തിനിടെ 1400ലേറെ പോയിന്റ് ഇടിഞ്ഞ സെന്‍സെക്സ് ഒടുവില്‍ 882 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം വര്‍ധിക്കുന്നതിലെ ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും നിക്ഷേപകരുടെ ആത്മവിശ്വാസം ചോര്‍ത്തി.

സെന്‍സെക്സ് 47,949.42ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 258.40 പോയിന്റ് നഷ്ടത്തില്‍ 14,359.50ലുമെത്തി. ബിഎസ്ഇയിലെ 2091 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 723 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 157 ഓഹരികള്‍ക്ക് മാറ്റമില്ല. അദാനി പോര്‍ട്സ്, പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ഹിറോ മോട്ടോര്‍കോര്‍പ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ബ്രിട്ടാനിയ, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

പൊതുമേഖല ബാങ്ക് സൂചികയ്ക്ക് നാലുശതമാനത്തോളം നഷ്ടമായി. ഓട്ടോ, ഇന്‍ഫ്ര, മെറ്റല്‍, എനര്‍ജി സൂചികകള്‍ 1-2 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്-സ്മോള്‍ ക്യാപ് സൂചികകളും 1.5-2 ശതമാനം നഷ്ടം നേരിട്ടു. വിപണിയിലെ നഷ്ടം രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 52 പൈസയുടെ നഷ്ടമുണ്ടായി. 74.84ലാണ് ക്ലോസ് ചെയ്തത്.

Author

Related Articles