Trading

തകര്‍ന്നടിഞ്ഞ് ഓഹരി വിപണി; കാരണം ഇതാണ്

മുംബൈ: സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് വിപണി. 2021 ഏപ്രിലിനുശേഷം ഒരൊറ്റ ദിവസം കൊണ്ട് ഇത്രയും തകര്‍ന്നടിയുന്നത് ഇതാദ്യമായാണ്. ഒരൊറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ സമ്പത്തില്‍ നഷ്ടമായത് ഒമ്പതുലക്ഷം കോടിയിലേറെ. 2020 ഏപ്രിലിനുശേഷം ഇതാദ്യമായി ചൈന വായ്പാ നിരക്കില്‍ കുറവുവരുത്തിയതാണ് വിപണിയില്‍ ആശങ്കയുണ്ടാക്കിയത്. ചൈനയിലെ സാമ്പത്തിക മുരടിപ്പിന്റെ സൂചനയായി ലോകമതിനെ വീക്ഷിച്ചു. ഒമിക്രോണ്‍ വ്യാപനം ആഗോളതലത്തില്‍ വീണ്ടും പ്രതിസന്ധിയുണ്ടാക്കിയേക്കുമെന്ന ആശങ്കയും കൂടിയായപ്പോള്‍ വിപണി അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞു.

ഇതിനകം തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പുനരാരംഭിച്ചതും വിദേശ നിക്ഷപകര്‍ കൂട്ടത്തോടെ വിറ്റൊഴിയല്‍ തുടര്‍ന്നതും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നടപടികളും കൂടിയായപ്പോള്‍ വിപണിയിലെ തകര്‍ച്ച രൂക്ഷമായി. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്സ് 1,849 പോയിന്റാണ് വീണത്. നിഫ്റ്റിയാകട്ടെ 566 പോയിന്റും നഷ്ടം നേരിട്ടു. ഒടുവില്‍ സെന്‍സെക്സ് 1,189.73 പോയിന്റ് നഷ്ടത്തില്‍ 55,822.01ലും നിഫ്റ്റി 371 പോയിന്റ് താഴ്ന്ന് 16,614.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. റിയാല്‍റ്റി, ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍ സൂചികകള്‍ 3-4 ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ മൂന്നുശതമാനത്തിലേറെയും നഷ്ടം നേരിട്ടു.


Author

Related Articles