Trading

തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി തുടങ്ങിയ വന്‍കിട കമ്പനികളുടെ ഓഹരികളാണ് സൂചികകളെ സമ്മര്‍ദത്തിലാക്കിയത്. ദിനവ്യാപാരത്തിനിടെ 642 പോയിന്റ് ഉയര്‍ന്ന് 54,931 നിലവാരത്തിലെത്തിയ സെന്‍സെക്സ് ഒടുവില്‍ 38 പോയിന്റ് നഷ്ടത്തില്‍ 54,289ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിക്ക് 51 പോയന്റും നഷ്ടമായി. 16,215ലാണ് ക്ലോസ് ചെയ്തത്.

സ്റ്റീല്‍ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. ടാറ്റ സ്റ്റീല്‍ 12 ശതമാനവും ജെഎസ്ഡബ്ല്യുസ്റ്റീല്‍ 13 ശതമാനവും നഷ്ടത്തിലായി. ഇരുമ്പ് ഉത്പന്നങ്ങള്‍ക്ക് 15ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയതാണ് ഓഹരികള്‍ക്ക് തിരിച്ചടിയായത്. ഡിവീസ് ലാബ്, ഹിന്‍ഡാല്‍കോ, ഒന്‍ജിസി, ഐടിസി, അദാനി പോര്‍ട്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. സെക്ടറല്‍ സൂചികകളില്‍ ഐടി, ഓട്ടോ എന്നിവമാത്രമാണ് നേട്ടമുണ്ടാക്കിയത്. മെറ്റല്‍ സൂചികയ്ക്ക് 8.14 ശതമാനമാണ് നഷ്ടമായത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.16 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.64 ശതമാനവും നഷ്ടത്തിലായി.

Author

Related Articles