Trading

വിപണിയ്ക്ക് തിരിച്ചടി; സെന്‍സെക്സ് 323 പോയിന്റ് ഇടിഞ്ഞു

വ്യാപാര ദിനത്തിന്റെ ഏറിയ പങ്കും നേട്ടത്തില്‍ നിന്ന വിപണികളില്‍ ഉച്ചയ്ക്കു ശേഷം അപ്രതീക്ഷിത തകര്‍ച്ച. ആഗോള വിപണികളിലുണ്ടായ ഇടിവിന്റെ ചുവടുപിടിച്ചാണ് സൂചികകളില്‍ നഷ്ടത്തിലേക്ക് മടങ്ങിയത്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 88 പോയിന്റ് താഴ്ന്ന് 17,415-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 323 പോയിന്റ് ഇറങ്ങി 58,340-ലുമാണ് ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഡെറിവീറ്റീവ് കോണ്‍ട്രാക്റ്റുകളുടെ എക്‌സ്പയറി നാളെയായത് കാരണമുള്ള ചാഞ്ചാട്ടവും വിപണിയെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. വാഹനം, ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികളുടെ വിലയിടിവും പ്രതികൂലമായി സ്വാധിനിച്ചു.

അതേസമയം, ബാങ്ക് ഓഹരികളുടെ സൂചികയായ ബാങ്ക്-നിഫ്റ്റി കാര്യമായി തളരാതെ പിടിച്ചുനിന്നു. ഒരു ഘട്ടത്തില്‍ 500-ലേറെ പോയിന്റിന്റെ വര്‍ധന ബാങ്ക് നിഫ്റ്റിയില്‍ ദൃശ്യമായിരുന്നു. എന്നാല്‍ പ്രധാന സൂചികകളിലുണ്ടായ ഇടിവും പ്രധാന ഓഹരികളില്‍ കാര്യമായി മുന്നേറ്റം ഉണ്ടാകാതിരുന്നതിനാലും ബാങ്ക് നിഫ്റ്റി 169 പോയിന്റിന്റെ വര്‍ധനയോടെ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. കൊട്ടക് മഹീന്ദ്രയിലും സൈിഐസിഐ ബാങ്കിന്റെ ഓഹരികളും ഒരു ശതമാനത്തിലേറെ വര്‍ധനയുണ്ടായി. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികള്‍ ഇന്നും വിലയിടിഞ്ഞു.

നിഫ്റ്റി 47 പോയിന്റ് ഉയര്‍ന്ന് 17,550 നിലവാരത്തിലും സെന്‍സെക്സ് 175 പോയിന്റ് ഉയര്‍ന്ന് 58,839 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും സ്വകാര്യവത്കരണ നീക്കങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരികളില്‍ തുടക്കം മുതല്‍ മുന്നേറ്റം ദൃശ്യമായി. ആഗോള വിപണികളിലുണ്ടായ ഇടിവും ഡെറിവീറ്റീവ് കോണ്‍ട്രാക്റ്റുകളുടെ എക്സപയറി നാളെയായതിന്റെ ചാഞ്ചാട്ടവും വിപണിയെ ബാധിച്ചു. അതേസമയം ബാങ്ക് ഓഹരികളില്‍ വാങ്ങല്‍ താത്പര്യമുണ്ടായത് ശ്രദ്ധേയമായി.

Author

Related Articles