Trading

2021ലെ അവസാന വ്യാപാര ആഴ്ചയ്ക്ക് നേട്ടത്തോടെ തുടക്കം

2021ലെ അവസാന വ്യാപാര ആഴ്ചയ്ക്ക് നേട്ടത്തോടെ തുടക്കം. തിങ്കളാഴ്ചയിലെ വ്യാപാരത്തിന്റെ ആരംഭത്തില്‍ കടുത്ത ചാഞ്ചാട്ടം ദൃശ്യമായെങ്കിലും വ്യാപാരം പുരോഗമിക്കവെ സാഹചര്യം മെച്ചപ്പെട്ടു. സെന്‍സെക്സ് 900 പോയിന്റ് റേഞ്ചിലാണ് ഇന്ന് വ്യാപാരം ചെയ്യപ്പെട്ടത്. നിഫ്റ്റിയും നിര്‍ണായകമായ 17,000 നിലവാരം തിരിച്ചു പിടിച്ചു. ഐടി, റിയാല്‍റ്റി, ബാങ്കിംഗ്, ഫാര്‍മ വിഭാഗം ഓഹരികളില്‍ മുന്നേറ്റം ദൃശ്യമായി. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 82 പോയിന്റ് നേട്ടത്തില്‍ 17,086-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 295 പോയിന്റ് നേട്ടത്തോടെ 57,420-ലും ഇന്ന് ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക് നിഫ്റ്റി 200 പോയിന്റ് ഉയര്‍ന്ന് 35,057-ലും തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.

മീഡിയ ഒഴികെ എല്ലാ വിഭാഗം സൂചികളിലും ഏറെക്കുറെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, റിയാല്‍റ്റി, ബാങ്കിംഗ്, ഫാര്‍മ വിഭാഗം ഓഹരികളില്‍ തിങ്കളാഴ്ച മുന്നേറ്റം ദൃശ്യമായിരുന്നു. മീഡിയ വിഭാഗം ഓഹരികളിലാണ് വില്‍പ്പന സമ്മര്‍ദം നേരിട്ടത്. വാര്‍ത്തകളിലിടം പിടിച്ച ആര്‍ബിഎല്‍ ബാങ്കിന്റെ ഓഹരികളില്‍ 18 ശതമാനത്തോളം തകര്‍ച്ച നേരിട്ടു. എഫ്എംസിജി, മെറ്റല്‍ വിഭാഗം ഓഹരികളിലും നേരിയ നഷ്ടം നേരിട്ടു. എങ്കിലും മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ പൊതുവായി നിക്ഷേപ താത്പര്യം പ്രകടമായിരുന്നു.

എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,114 ഓഹരികളില്‍ 880 എണ്ണം വിലയിടിവും 1,,176 ഓഹരികളില്‍ വില വര്‍ധനവും 8 എണ്ണം വില വ്യതിയാനമില്ലെതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 1.34 ആയിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും ഭേദപ്പെട്ട നിക്ഷേപ താത്പര്യം ഉടലെടുത്തതായാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഒന്നിന് മുകളിലായതിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 273 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 222 കമ്പനികള്‍ നഷ്ടത്തിലും 6 ഓഹരികളുടെ വില വ്യത്യാസമില്ലാതെയും ക്ലോസ് ചെയ്തു.

Author

Related Articles