Trading

ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് വിപണിയില്‍ ഫലം കണ്ടില്ല

മുംബൈ: ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും വിപണിയില്‍ നേട്ടം നിലനിര്‍ത്താനായില്ല. സെന്‍സെക്സ് 189.45 പോയിന്റ് താഴ്ന്ന് 52,735.59ലും നിഫ്റ്റി 45.70 പോയിന്റ് നഷ്ടത്തില്‍ 15,814.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡിന്റെ മൂന്നാംതരംഗം മുന്‍കൂട്ടികണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് പ്രധാനമായും ധനമന്ത്രി നടത്തിയത്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സെക്ടറുകള്‍ക്ക് 1.1 ലക്ഷം കോടി രൂപയുടെ വായ്പ പദ്ധതിയും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നു. 

വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് എക്കാലത്തെയും ഉയരമായ 53,126ലെത്തിയെങ്കിലും നേട്ടം നിലനിര്‍ത്താനായില്ല.  എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാന്‍ കമ്പനി, ടിസിഎസ്, ശ്രീ സിമെന്റ്സ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. 

നിഫ്റ്റി പൊതുമേഖല ബാങ്ക്, ഫാര്‍മ, മെറ്റല്‍ സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ഐടി, എനര്‍ജി, ഇന്‍ഫ്ര സൂചികകള്‍ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.4ശതമാനത്തോളം നേട്ടമുണ്ടാക്കുകയുംചെയ്തു. വിപണിയില്‍ ഇന്ന് ലിസ്റ്റ്ചെയ്ത രണ്ട് ഓഹരികളും മികച്ചനേട്ടം നിക്ഷേപകന് നേടിക്കൊടുത്തു. ദോഡ്ല ഡയറി 28 ശതമാനം ഉയര്‍ന്ന് 609 രൂപ നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 428 രൂപയായിരുന്നു ഇഷ്യു പ്രൈസ്. കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഓഹരി 22ശതമാനം ഉയര്‍ന്ന് 987.5 രൂപയിലാണ് ക്ലോസ് ചെയ്തത്. 825 രൂപയായിരുന്നു ഇഷ്യു വില.

News Desk
Author

Related Articles