Trading

നേട്ടം തിരിച്ചുപിടിച്ച് ഓഹരി സൂചികകള്‍; നിഫ്റ്റി റെക്കോഡ് ഉയരത്തില്‍

മുംബൈ: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും വൈകാതെ സൂചികകള്‍ നേട്ടം തിരിച്ചുപിടിച്ചു. ദിനവ്യാപാരത്തിനിടെ നിഫ്റ്റി 15,606 നിലവാരത്തിലേയ്ക്കെത്തിയെങ്കിലും റെക്കോഡ് ഉയരം കുറിച്ച് 15,582.80ലാണ് ക്ലോസ് ചെയ്തത്. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ കുത്തനെ കുറവുണ്ടായതും രണ്ടാം തരംഗത്തില്‍ നിന്ന് കോര്‍പറേറ്റ് മേഖല വൈകാതെ തിരിച്ചുവരുമെന്ന റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തലുമാണ് വിപണിയെ സ്വാധീനിച്ചത്.

514.56 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 51,937.44ല്‍ ക്ലോസ് ചെയ്തു. റിലയന്‍സ് മുന്നു ശതമാനത്തിലേറെ ഉയര്‍ന്നു. ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോര്‍ട്സ്, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

ഐടി, ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി റെക്കോഡ് ഭേദിച്ചെങ്കിലും സെന്‍സെക്സിന് പുതിയ ഉയരം കീഴടക്കാന്‍ ഇനിയും 1000 പോയിന്റ് പിന്നിടേണ്ടിവരും. 2021 ഫെബ്രുവരി 16ന് രേഖപ്പെടുത്തിയ 52,516ആണ് സെന്‍സെക്സിലെ റെക്കോഡ്.

Author

Related Articles