Investments

ജന്‍ധന്‍ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; അക്കൗണ്ടുകളുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനവ്

ന്യൂഡല്‍ഹി: ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക പദ്ധതിയായ പ്രധാന്‍ മന്ത്രി ജന്‍ധന്‍ അക്കൗണ്ടില്‍ എത്തിച്ചേര്‍ന്നത് ഒരു ലക്ഷം കോടി രൂപ. ഏകദേശം 35.29 കോടി അക്കൗണ്ടുകളാണ് രാജ്യത്ത് നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം ജന്‍ധന്‍ അക്കൗണ്ടിലേക്കെത്തിയത് ഏകദേശം 97,665.66 കോടി രൂപയാണ്. മാര്‍ച്ച് 27 ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 95,382.14 കോടി രൂപയും ജന്‍ധന്‍ അക്കൗണ്ടിലേക്കെത്തിയിട്ടുണ്ട്. 

ജന്‍ധന്‍ അക്കൗണ്ടുള്ളവര്‍ക്ക് റുപി ഡെബിറ്റ് കാര്‍ഡും നല്‍കിയെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നത്. 35.29 കോടി അക്കൗണ്ടുകളില്‍ 27.89 കോടി അക്കൗണ്ടുകള്‍ക്കാണ് റുപി ഡെബിറ്റ് കാര്‍ഡ് നല്‍കിയത്. 2014 ല്‍ അധികാരമേറ്റതിന് ശേഷം ആഗസ്റ്റ് മാസത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രധാന്‍മന്ത്രി ജന്‍ധന്‍ അക്കൗണ്ട് പദ്ധതി നടപ്പിലാക്കുന്നത്. 

അപകട ഇന്‍ഷുറന്‍സടക്കമുള്ള കാര്യങ്ങള്‍ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുമുണ്ട്. 2018 ആഗസ്റ്റിന് ശേഷം അക്കൗണ്ട് എടുത്തവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് വ്യവസ്ഥ. 2018 സെപ്റ്റമ്പര്‍ മുതല്‍ അക്കൗണ്ട് വഴി കടമെടുക്കുന്ന തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. 50,00 രൂപയില്‍ നിന്ന് 10,000 രൂപയാക്കി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.

 

Author

Related Articles