
ന്യൂഡൽഹി: രാജ്യത്ത് ചൈനാവിരുദ്ധ വികാരം ശക്തിയാർജിച്ച സാഹചര്യത്തിൽ ചൈനീസ് സ്മാർട്‌ഫോൺ വിതരണക്കാർ നിലപാടു മാറ്റുന്നു. തങ്ങളുടെ സ്റ്റോറുകൾക്കും ജീവനക്കാർക്കും നേരെ ചൈനാ വിരുദ്ധ പ്രക്ഷോഭകരിൽ നിന്നും ആക്രമണമുണ്ടാവുമോ എന്ന ആശങ്ക വ്യാപാരികൾക്കിടയിൽ സജീവമാണ്.
രാജ്യത്തെ മുൻനിര സ്മാർട്‌ഫോൺ ബ്രാൻഡുകളെല്ലാം ഇന്ത്യയോടുള്ള വിധേയത്വം വ്യക്തമാക്കുന്ന പ്രചാരണ പരിപാടികളിലാണ്. മുൻനിര ചൈനീസ് സ്മാർട്‌ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ ലോഗോയ്ക്ക് പകരം 'മേഡ് ഇൻ ഇന്ത്യ' എന്നെഴുതിയ ബാനർ പ്രദർശിപ്പിക്കാൻ തുടങ്ങി. ഷാവോമി ഇന്ത്യ മേധാവിയുടെ ട്വിറ്റർ പേജിൽ മേഡ് ഇൻ ഇന്ത്യ ഹാഷ്ടാഗുകളും മേക്ക് ഇൻ ഇന്ത്യ പദ്ധതിയോടുള്ള സഹകരണവും വ്യക്തമാക്കുന്ന ട്വീറ്റുകളുമാണ് പ്രത്യക്ഷപ്പെടുന്നത്.
ഓപ്പോ, മോട്ടോറോള, ലെനോവോ, വൺപ്ലസ്, റിയൽമി, വിവോ തുടങ്ങിയ ചൈനീസ് ബ്രാൻഡുകളോട് അവരുടെ കമ്പനികളുടെ ബ്രാൻഡിങ് പ്രചാരണ പരിപാടികൾ കുറയ്ക്കാൻ ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മൊബൈൽ റീടെയ്‌ലേഴ്‌സ് അസോസിയേഷൻ (എഐഎംആർഎ) കത്തയച്ചിരുന്നു. ഷാവോമി 'മേഡ് ഇൻ ഇന്ത്യ' ബാനറുകൾ സ്ഥാപിക്കാൻ തുടങ്ങിയതായി എഐഎംആർഎ ദേശീയ പ്രസിഡന്റ് അർവിന്ദർ ഖുരാന ഐഎഎൻഎസിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ഷാവോമി ഇന്ത്യ മേധാവി മനുകുമാർ ജെയ്ൻ ഷാവോമി 'മേഡ് ഇൻ ഇന്ത്യ' എന്നത് ഉൾപ്പെടുത്തിയാണ് ഇപ്പോൾ ട്വീറ്റ് ചെയ്യുന്നത്. ഷാവോമി മറ്റേത് കമ്പനിയേക്കാളും ഇന്ത്യൻ ആണ് എന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽനൽകുന്നതും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലാണ് കമ്പനിയുടെ റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് സെന്ററുകളും നിർമ്മാണ ശാലകളും പ്രവർത്തിക്കുന്നതെന്നും ഇന്ത്യയ്ക്ക് നികുതി നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.