Banking

ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായത്തില്‍ റെക്കോര്‍ഡ് നേട്ടം; അറ്റാദായത്തില്‍ 46 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

ആലുവ: 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ത്രൈമാസത്തില്‍ ഫെഡറല്‍ ബങ്കിന്റെ അറ്റാദാതയത്തില്‍ 46.25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജൂണ്‍ 30 ന് അവസാനിച്ച ആദ്യത്തെ ത്രൈമാസത്തില്‍ 384.21 കോടി രൂപ അറ്റാദായമാണ് ബാങ്ക് നേടിയത്. ബാങ്ക് കൈവരിക്കുന്ന എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ അറ്റാദായമാണിത്. ഇക്കാലയളവിലെ പ്രവര്‍ത്തന ലാഭം 782.76 കോടി രൂപയാണ്.  ബാങ്കിന്റെ ആകെ ബിസിനസ് 18.99 ശതമാനം വളര്‍ന്ന് 244569.79 കോടി രൂപയിലും അറ്റ പലിശ വരുമാനം 17.77 ശതമാനം വളര്‍ന്ന് 1154.18 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ നിക്ഷേപം 19.14 ശതമാനം വര്‍ധനവോടെ 132537.46 കോടി രൂപയിലും അറ്റ വായ്പകള്‍ 18.81 ശതമാനം വളര്‍ച്ചയോടെ 112032.33 കോടി രൂപയിലും എത്തിയതായും ഓഡിറ്റു ചെയ്യാത്ത ത്രൈമാസ സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

എക്കാലത്തേയും മികച്ച പ്രവര്‍ത്തന ലാഭത്തിന്റേയും അറ്റാദായത്തിന്റേയും പിന്‍ബലത്തോടെ ശക്തമായ പ്രവര്‍ത്തന മികവിന്റെ മറ്റൊരു ത്രൈമാസമാണു ബാങ്ക് പിന്നിട്ടിരിക്കുന്നതെന്ന് ഇതേക്കുറിച്ചു  പ്രതികരിക്കവെ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. പ്രവര്‍ത്തന ലാഭം 30 ശതമാനവും അറ്റാദായം 46 ശതമാനവുമാണ് വര്‍ധിച്ചിരിക്കുന്നത്. അറ്റ പലിശ വരുമാനം 18 ശതമാനം വളര്‍ന്നപ്പോള്‍ മറ്റ് വരുമാനങ്ങള്‍ 45 ശതമാനം വളര്‍ച്ചയാണു കൈവരിച്ചത്.  വളരെ ചാഞ്ചാട്ടങ്ങളോടു കൂടിയ ബാഹ്യ പരിസ്ഥിതിയില്‍ ജാഗ്രതയുടേയും നിയന്ത്രണത്തിന്റേയും ശരിയായ മിശ്രണത്തിലൂടെ നീങ്ങിയ വായ്പാ മേഖല സുസ്ഥിരമായാണു മുന്നേറിയത്. ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവര്‍ത്തന പശ്ചാത്തലത്തിലും നിക്ഷേപങ്ങളുടെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനായി. നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തില്‍ ബാങ്ക് കര്‍ശന ജാഗ്രതയാണു തുടരുന്നത്. ഈ ത്രൈമാസത്തിലും അതു നിയന്ത്രണത്തിനു കീഴില്‍ നിര്‍ത്താനായി. ബാങ്കിനെ സംബന്ധിച്ച് മൊത്തത്തില്‍ ശക്തവും ഉല്‍പ്പാദനക്ഷമവുമായ ത്രൈമാസമായിരുന്നു ഇതെന്നും ശ്യാം ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. 

ജൂണ്‍ 30 ലെ കണക്കു പ്രകാരം ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തികള്‍ 3394.69 കോടി രൂപയായിരുന്നു. ആകെ വായ്പകളുടെ 2.99 ശതമാനമാണിത്. ഇതേ സമയം അറ്റ നിഷ്‌ക്രിയ ആസ്തികള്‍ അറ്റ വായ്പകളുടെ 1.49 ശതമാനമായ 1672.82 കോടി രൂപയായിരുന്നു. ബേസല്‍ 3 മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മൂലധന പര്യാപ്തതാ നിരക്ക് 14.10 ശതമാനമായിരുന്നു. ബാങ്കിന്റെ മാനേജ്‌മെന്റ് തലത്തിലുള്ള നേതൃത്വവും, ബാങ്കി സേവന തലത്തിലുള്ള പുരോഗതിയുമാണ് അറ്റാദായത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ കാരണമായത്.

 

Author

Related Articles