സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു

June 22, 2022 |
|
Banking

                  സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു
കൊച്ചി:  കയറ്റുമതി, ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട വിദേശ പണമിടപാടുകള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് 'എസ്ഐബി ടിഎഫ് ഓണ്‍ലൈന്‍' എന്ന പേരില്‍ എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു. കോര്‍പറേറ്റ് എക്സിം ഉപഭോക്താക്കള്‍ക്ക് ഇനി ബാങ്ക് ശാഖകളില്‍ നേരിട്ടെത്താതെ തന്നെ വിദേശ പണമിടപാടുകള്‍ വേഗത്തില്‍ നടത്താന്‍ സൗകര്യമൊരുക്കുന്നതാണ് പുതിയ സംവിധാനം. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത ശേഷം എസ്ഐബി ടിഎഫ് ഓണ്‍ലൈനില്‍ വിദേശ പണമിടപാടുകള്‍ തുടങ്ങാം.
 
ആദ്യ ഘട്ടത്തില്‍ മൂന്ന് തരം ഇറക്കുമതി പണമിടപാട് സൗകര്യങ്ങളാണ് എസ്ഐബി ടിഫ് ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇറക്കുമതിയുമായി ബന്ധപ്പെട്ട മുന്‍കൂര്‍ പണമയക്കല്‍, ഇംപോര്‍ട്ട് ബില്‍ കളക്ഷന്‍, വിദേശ വിതരണക്കാരില്‍ നിന്ന് ഇറക്കുമതിക്കാര്‍ക്ക്  നേരിട്ട് ലഭിക്കുന്ന ഇറക്കുമതി രേഖകളിന്മേലുള്ള പേമെന്‍റ് എന്നീ സൗകര്യങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. അടുത്ത ഘട്ടങ്ങളായി മറ്റു വിദേശ പണവിനിമയ സേവനങ്ങളും ലഭ്യമാക്കും. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ഇന്‍റര്‍നെറ്റ് ബാങ്കിങ് പോര്‍ട്ടലില്‍ (SIBerNet) ഹോം പേജില്‍ 'എസ്ഐബി ടിഎഫ് ഓണ്‍ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാണ്.

'കോര്‍പറേറ്റുകളുടെ വിദേശ വ്യാപാരം ഡിജിറ്റലാക്കി മാറ്റുന്നതിനുള്ള വലിയ ചുവട്വയ്പ്പാണ് ഈ പോര്‍ട്ടല്‍. ഇതുവഴി അവര്‍ക്ക് ബാങ്ക് ശാഖകളില്‍ വരാതെ തന്നെ വിദേശ വ്യാപാര ഇടപാടുകള്‍ ലളിതമായി നടത്താം. ഇപ്പോള്‍ ഇറക്കുമതി ഇടപാടുകളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. അടുത്ത ഘട്ടങ്ങളിലായി ഈ പോര്‍ട്ടലില്‍ മറ്റു വിദേശ വിനിമയ സൗകര്യങ്ങള്‍ അടക്കം കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തും' - സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ്   വൈസ് പ്രസിഡന്‍റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് പറഞ്ഞു.

ബാങ്കിങ് രംഗത്ത് കൂടുതല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇറക്കുമതി, കയറ്റുമതി വ്യാപാരം രംഗത്ത് പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഈ പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചത്. നേരത്തെ സേവിങ്സ് ബാങ്ക്, എന്‍ആര്‍ഇ സേവിങ്സ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖകളില്‍ നേരിട്ടെത്താതെ വിദേശ റെമിറ്റന്‍സുകള്‍ക്കുള്ള സൗകര്യം സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചിരുന്നു. 

Related Articles

© 2024 Financial Views. All Rights Reserved