Banking

എച്ച്ഡിഎഫ്‌സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് 25,000 രൂപ ഉണ്ടാകണം

വായ്പ പുന:സംഘടന ആഗ്രഹിക്കുന്ന റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വായ്പാ അക്കൗണ്ടുകളില്‍ കുറഞ്ഞത് 25,000 രൂപ ബാലന്‍സ് ഉണ്ടായിരിക്കണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു. കൊവിഡ് -19 മഹാമാരി ബാധിച്ച റീട്ടെയില്‍, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി വായ്പ കാലാവധി രണ്ട് വര്‍ഷം വരെ നീട്ടാനും ബാങ്ക് തീരുമാനിച്ചു. വായ്പ പുന:സംഘടിപ്പിക്കുന്നതിന് ബാങ്ക് പ്രോസസ്സിംഗ് ഫീസ് ഈടാക്കും.

2020 മാര്‍ച്ച് 1 വരെ സ്റ്റാന്‍ഡേര്‍ഡായി തരംതിരിച്ചിട്ടുള്ളതും വായ്പാ കാലാവധിയിലുടനീളം കൃത്യമായി തിരിച്ചടവ് നടത്തിയിട്ടുള്ളവര്‍ക്കും പുന:സംഘടനയ്ക്ക് അര്‍ഹതയുണ്ട്. ഉപയോക്താക്കള്‍ക്ക് ബാങ്കിന്റെ വെബ്സൈറ്റില്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് ലഭ്യമാക്കുകയും അത് ബാങ്കില്‍ സമര്‍പ്പിക്കുകയും ചെയ്യാം. തൊഴില്‍ അല്ലെങ്കില്‍ ബിസിനസ്സിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുന്ന രേഖകളും അവര്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ക്രെഡിറ്റ് പരിധിക്കുള്ളിലെ വായ്പകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാലന്‍സും പുന:സംഘടിപ്പിക്കുകയും പ്രത്യേക വായ്പ അക്കൌണ്ടായി പരിവര്‍ത്തനം ചെയ്യുകയും ചെയ്യും. റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, വായ്പാ പുന:സംഘടിപ്പിച്ചതായി ക്രെഡിറ്റ് ബ്യൂറോകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിര്‍ദ്ദേശ പ്രകാരം പുന:സംഘടനയ്ക്കുള്ള യോഗ്യത പരിശോധിക്കാന്‍ റീട്ടെയില്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പിന്തുടര്‍ന്ന് എച്ച്ഡിഎഫ്‌സി ബാങ്കും ഒരു പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്.

എസ്ബിഐയുടെ ഉപഭോക്താക്കള്‍ക്ക് രണ്ട് വര്‍ഷം വരെ മൊറട്ടോറിയം, തവണകള്‍ പുനക്രമീകരിക്കല്‍, കാലാവധി നീട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഭവന വായ്പകള്‍, വിദ്യാഭ്യാസം വായ്പകള്‍, വാഹന വായ്പകള്‍ എന്നിവ ഉള്‍പ്പെടുന്ന വായ്പകള്‍ക്ക് ഇത് ബാധകമാണ്. 2020 മാര്‍ച്ച് 1 വരെ സ്ഥിരമായി വായ്പകള്‍ തിരിച്ചടച്ചിട്ടുള്ള വായ്പക്കാര്‍ക്ക് മാത്രമേ ഈ ആനുകൂല്യങ്ങള്‍ ലഭിക്കൂ.

വായ്പയെടുത്തിട്ടുള്ളവര്‍ ഡിസംബര്‍ 31 ന് മുമ്പായി ഒരു റെസല്യൂഷന്‍ പ്ലാന്‍ അനുവദിക്കേണ്ടതുണ്ട്, കൂടാതെ ബാങ്കുകള്‍ 90 ദിവസത്തിനുള്ളില്‍ ഇത് നടപ്പാക്കേണ്ടതുണ്ട്. ബാങ്കുകള്‍ക്ക് പേയ്മെന്റുകള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യാനും പലിശ മറ്റൊരു ക്രെഡിറ്റ് സൌകര്യമായി പരിവര്‍ത്തനം ചെയ്യാനും രണ്ട് വര്‍ഷം വരെ മൊറട്ടോറിയം നല്‍കാനും കഴിയും.

Author

Related Articles