Banking

7.99 ശതമാനം പലിശ നിരക്കില്‍ ഭവന വായ്പ അവതരിപ്പിച്ച് ടാറ്റ ക്യാപിറ്റല്‍

ടാറ്റ ക്യാപിറ്റല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (ടിസിഎച്ച്എഫ്എല്‍) പുതിയ ഭവന വായ്പാ സ്‌കീം ആരംഭിക്കുന്നു. മുന്‍ഗണനാ വിഭാഗങ്ങളെ ഉന്നമിട്ടാണ് പുതിയ ഭവന വായ്പ സ്‌കീം ടാറ്റ ക്യാപിറ്റല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നഗര പ്രദേശങ്ങളിലെയും ടയര്‍ 2, 3 നഗരങ്ങളിലെയും ശമ്പളക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് വായ്പ ലഭിക്കുക. 7.99 ശതമാനം പലിശ നിരക്കില്‍ 35 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വീടുകളില്‍ നിക്ഷേപം നടത്താന്‍ പ്ലാനുള്ളവര്‍ക്ക് പ്രോപ്പര്‍ട്ടി മൂല്യത്തെയും നഗരങ്ങളുടെ വിഭാഗത്തെയും അടിസ്ഥാനമാക്കി വായ്പ ലഭിക്കുന്നതാണ്.

'ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ ഭവന വായ്പ പദ്ധതി വീട് വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് താങ്ങാനാവുന്ന ഒന്നാണ്. വായ്പ സ്ലാബുകളും ആകര്‍ഷകമായ പലിശ നിരക്കും ഇത്തരക്കാരെ സ്വന്തമായി ഒരു വീട് വാങ്ങാന്‍ പ്രേരിപ്പിക്കും. മാത്രമല്ല ഇന്ത്യയിലുടനീളം എളുപ്പവും തടസ്സമില്ലാത്തതുമായ ഇഎംഐ പ്ലാന്‍ ഉപയോഗിച്ച് പുതിയ സ്‌കീമിലേക്ക് ഉപഭോക്താക്കളെ പ്രാപ്തരാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന്' ടാറ്റ ക്യാപിറ്റല്‍ ഹൗസിംഗ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ കൗള്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 115 ബേസിസ് പോയിന്റ് കുറവാണ് വരുത്തിയത്. ഇതിന്റെ ചുവട് പിടിച്ച് രാജ്യത്തെ പല പ്രമുഖ ബാങ്കുകളും ഫണ്ടുകള്‍ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കില്‍ (എംസിഎല്‍ആര്‍) കുറവ് വരുത്തിയിരുന്നു. ഇത് ക്രമേണ ഭവന വായ്പ ഉള്‍പ്പെടെയുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് കുറയുന്നതിന് സഹായകരമാകും. 7.35 ശതമാനം മുതല്‍ 8.25 ശതമാനം വരെയാണ് രാജ്യത്തെ പൊതു മേഖലാ ബാങ്കായ എസ്ബിഐ വാഗ്ദാനം ചെയ്യുന്ന ഭവനവായ്പാ നിരക്ക്. എന്നാല്‍ നിങ്ങളുടെ പ്രൊഫൈല്‍ (ശമ്പളം അല്ലെങ്കില്‍ ബിസിനസ് ക്ലാസ്), ക്രെഡിറ്റ് സ്‌കോര്‍, ഭവനവായ്പയുടെ തുക എന്നിവയെ ആശ്രയിച്ചായിരിക്കും യഥാര്‍ത്ഥ പലിശ നിരക്ക് നിര്‍ണ്ണയിക്കുന്നത്.

6.70 ശതമാനം മുതല്‍ 7.40 ശതമാനം വരെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വാഗ്ദാനം ചെയ്യുന്ന ഭവനവായ്പാ നിരക്ക്. എന്നാല്‍ കൃത്യമായ പലിശ നിരക്ക് തീരുമാനിക്കുമ്പോള്‍ പ്രൊഫൈല്‍, ക്രെഡിറ്റ് സ്‌കോര്‍, വായ്പ തുക എന്നിവയും കണക്കിലെടുക്കുന്നതാണ്. 7.50 ശതമാനം മുതല്‍ 8.50 ശതമാനം വരെയാണ് ഭവന വായ്പയിന്മേല്‍ എച്ച്ഡിഎഫ്സി ഈടാക്കുന്ന പലിശ നിരക്ക്. 7.70 ശതമാനം മുതല്‍ 8.80 ശതമാനം വരെയാണ് ഭവന വായ്പയില്‍ ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.

Author

Related Articles