Trading

നിഫ്റ്റി വീണ്ടും 18,300ന് മുകളില്‍; വിപണിയില്‍ നേട്ടം

നിഫ്റ്റി വീണ്ടും നിര്‍ണായകമായ 18,300 നിലവാരത്തിന് മുകളില്‍ നേട്ടത്തോടെ പുതിയ വ്യാപാര ആഴ്ചയിലെ ആദ്യദിനം പൂര്‍ത്തിയാക്കി. കോര്‍പ്പറേറ്റ് കമ്പനികളുടെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണിയുടെ നീക്കമെങ്കിലും ആശങ്കയുടെ കണികകള്‍ ഉള്ളിലൊതുക്കിയ സങ്കോചാവസ്ഥയിലുള്ള മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആഗോള സൂചനകളും ഊര്‍ജദായകമായിരുന്നില്ല.

വിദേശ നിക്ഷേപകര്‍ വീണ്ടും ആഭ്യന്തര വിപണിയില്‍ നിന്നും പിന്മാറുകയാണെന്ന സൂചനകളുമുണ്ട്. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 52 പോയിന്റ് നേട്ടത്തില്‍ 18,308-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 85 പോയിന്റ് നേട്ടത്തോടെ 61,308-ലും തിങ്കളാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 154 പോയിന്റ് നഷ്ടത്തോടെ 38,216-ലും വ്യാപാരം അവസാനിപ്പിച്ചു.

തെരഞ്ഞെടുത്ത ഓഹരികളില്‍ മുന്നേറ്റവും ഇടിവും ദൃശ്യമായി. ബാങ്ക്, ഫാര്‍മ വിഭാഗം ഓഹരികളൊഴികെ എല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, പവര്‍, റിയാല്‍റ്റി വിഭാഗം സൂചികകള്‍ 1 മുതല്‍ 2 ശതമാനം വരെ മുന്നേറി. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകള്‍ 0.6 ശതമാനം ഉയര്‍ന്നു. അതിനിടെ, ഇന്ന് സൂചികകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്‌സ് (ഢകത) 0.21 ശതമാനം ഉയര്‍ന്ന് 16.77-ലേക്ക് എത്തിയെന്നതും ശ്രദ്ധേയമാണ്.

Author

Related Articles