Investments

പൊതുവില്‍ വില്‍പ്പന കുറഞ്ഞിട്ടും മഹിന്ദ്ര പിടിച്ചു നിന്നത് യൂട്ടിലിറ്റി വാഹനങ്ങളുടെ കച്ചവടത്തില്‍; വാഹനവിപണിയില്‍ സൂപ്പര്‍ ഹിറ്റായി മറാസോയും XUV300യും; കഴിഞ്ഞ മാസം മഹീന്ദ്ര വിറ്റ 45,421 വാഹനങ്ങളില്‍ 19524ഉം യൂട്ടിലിറ്റി വാഹനങ്ങള്‍

വില്‍പ്പന ഒന്നടങ്കം കുറഞ്ഞ മെയ് മാസത്തില്‍ മറാസോയും XUV300 -യും മഹീന്ദ്രക്ക് തുണയായി. 45,421 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞമാസം മഹീന്ദ്ര വിപണിയില്‍ വിറ്റത്. ഇതില്‍ 19,524 യൂണിറ്റുകള്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ മാത്രം സംഭാവനയാണ്. മറാസോ, XUV300 എന്നീ യൂട്ടിലിറ്റി വാഹനങ്ങളാണ് ഇപ്പോള്‍ മഹീന്ദ്ര നിരയിലെ സൂപ്പര്‍ഹിറ്റുകള്‍. 2018 മെയ് മാസത്തെ അപേക്ഷിച്ച് മൂന്നു ശതമാനം ഇടിവാണ് മഹീന്ദ്രക്ക് വില്‍പ്പനയില്‍ കഴിഞ്ഞ മാസം ഉണ്ടായത്. 

കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 46,848 വാഹനങ്ങള്‍ മഹീന്ദ്ര വിറ്റിരുന്നു. 20,608 പാസഞ്ചര്‍ വാഹനങ്ങള്‍ മാത്രം കമ്പനി മേയില്‍ വിപണിയില്‍ എത്തിച്ചു. വെരിറ്റോ വൈബ്, വെരിറ്റോ, KUV100 NXT, TUV300, TUV300 പ്ലസ്, XUV300, ബൊലേറോ, ബൊലേറോ പ്ലസ്, ഥാര്‍, സ്‌കോര്‍പിയോ, മറാസോ, XUV500, ആള്‍ട്യുറാസ് G4 എന്നീ മോഡലുകള്‍ മഹീന്ദ്രയുടെ പാസഞ്ചര്‍ നിരയില്‍ ഉള്‍പ്പെടും. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് മൂന്നു പുതിയ മോഡലുകളെ കൊണ്ടുവരാന്‍ കമ്പനി തീരുമാനിച്ചത്. ഇതിന്‍പ്രകാരം ആദ്യം മറാസോ എംപിവിയെത്തി. പിന്നെ ഏഴു സീറ്റര്‍ ആള്‍ട്യൂറസ് G4 വന്നു. ഏറ്റവുമൊടുവില്‍ നാലു മീറ്ററില്‍ താഴെ നീളമുള്ള XUV300 എസ്യുവിയും വിപണിയിലെത്തി. 

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പുറമെ വൈദ്യുത കാറുകളും മഹീന്ദ്ര വിപണിയില്‍ വില്‍ക്കുന്നുണ്ട്. പോയമാസം വൈദ്യുത കാര്‍ വില്‍പ്പനയില്‍ 24 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്. കഴിഞ്ഞവര്‍ഷം മേയില്‍ 1,420 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ഇക്കുറി 1,084 യൂണിറ്റുകള്‍ മാത്രമേ മഹീന്ദ്രയ്ക്ക് വില്‍ക്കാനായുള്ളൂ.

വാണിജ്യ വാഹന വില്‍പ്പനയിലും അഞ്ചു ശതമാനം ഇടിവ് കമ്പനിയെ തേടിയെത്തി. 17,879 യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍ മഹീന്ദ്ര വിറ്റത്. ഇടത്തരം, ഉയര്‍ന്ന ശേഷിയുള്ള വാണിജ്യ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായി. കയറ്റുമതിയിലും 22 ശതമാനം ഇടിവ് കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. 2,365 യൂണിറ്റുകളാണ് പോയമാസം വിദേശ വിപണികളിലേക്ക് മഹീന്ദ്ര കയറ്റുമതി ചെയ്തത്.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 3,030 യൂണിറ്റുകളായിരുന്നു. 24,704 ട്രാക്ടര്‍ യൂണിറ്റുകളും കഴിഞ്ഞമാസം മഹീന്ദ്ര വില്‍ക്കുകയുണ്ടായി. പൊതു തിരഞ്ഞെടുപ്പ് അവസാനിച്ച പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ് ഉയരുമെന്ന പ്രതീക്ഷിക്കുന്നതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമൊട്ടീവ് സെക്ടര്‍ പ്രസിഡന്‍ഡ് രാജന്‍ വധേര പറഞ്ഞു.

Author

Related Articles