Columns

മിന്റ് സ്ട്രീറ്റില്‍ മോദി 'സര്‍ക്കാരിന്റെ പാവ'യാവാന്‍ ഇനി ശക്തികാന്ത ദാസിനെ കിട്ടിയേക്കില്ല; ആര്‍ബിഐയുടെ പുതിയ പണനയ സൂചനകള്‍!

ടികെ സബീന

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെയാണ് പുതിയ പണനയം പ്രഖ്യാപിച്ചത്.സാമ്പത്തിക,നിക്ഷേപക മേഖലയിലുള്ളവരുടെ ,എന്തിന് കേന്ദ്രസര്‍ക്കാരിന്റെ ധനമന്ത്രാലയത്തിന്റെ വരെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചായിരുന്നു പണയനയ പ്രഖ്യാപനം വ്യവസായികളും സര്‍ക്കാരും പലിശയില്‍ കുറവ് പ്രതീക്ഷിച്ചപ്പോള്‍ നിരക്ക് നിലനിര്‍ത്തി ഗവര്‍ണര്‍ പണനയം പ്രഖ്യാപിച്ചത്. കൂടാതെ രാജ്യത്തിന്റെസാമ്പത്തിക  വളര്‍ച്ചാ അനുമാനവും കുത്തനെ കുറച്ചിരിക്കുന്നു.2019ല്‍ അഞ്ചുതവണ റിപോ നിരക്ക് 1.35% കുറച്ചായിരുന്നു ആര്‍ബിഐ പണനയം പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ അത് അനുസരിച്ച് സാമ്പത്തിക വളര്‍ച്ച കൂടിയില്ലെന്ന് മാത്രമല്ല സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് പോകുകയും ചെയ്തു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രം നയങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിയിലായിരുന്നു ആര്‍ബിഐ. എന്നാല്‍ ഇവയൊന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ തന്നെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ മനംമടുത്ത് പല ഗവര്‍ണര്‍മാരും ആര്‍ബിഐയുടെ പടിയിറങ്ങിപ്പോയപ്പോള്‍ തങ്ങളുടെ താളത്തിന് തുള്ളുമെന്ന് കരുതിയാണ്  മോദിസര്‍ക്കാര്‍ ശക്തികാന്ത ദാസിനെ ആര്‍ബിഐയുടെ താക്കോല്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പണനയം പ്രഖ്യാപിച്ച് ആ മോദിയെകൂടി ഞെട്ടിച്ചിരിക്കുന്നു ഈ ആര്‍ബിഐ ഗവര്‍ണര്‍. 

പണനയം വന്ന് ഒരു ദിവസം പിന്നിടുമ്പോഴും വിദേശ നിക്ഷേപത്തിലെ വളര്‍ച്ച ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് മന്ത്രിയുടെ പ്രതികരണം.ജിഡിപിയിലെ ആര്‍ബിഐ അനുമാനം കുത്തനെ കുറച്ചതിനെ കുറിച്ച് ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല മന്ത്രി. മിന്റ് സ്ട്രീറ്റില്‍ നിന്ന് നേരിട്ട തിരിച്ചടി ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിട്ടില്ലസര്‍ക്കാര്‍. സര്‍ക്കാരിന്റെ ഇടപെടലുകളില്‍ മനംമടുത്ത് ശക്തികാന്ത ദാസും അടുത്ത ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് പടിയിറങ്ങുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്തുകൊണ്ടാണ് ആര്‍ബിഐ ഗവര്‍ണര്‍ ജിഡിപി ഇടിവ് നേരിട്ടിരിക്കെ പലിശനിരക്കില്‍ കുറവുവരുത്താതിരുന്നത്. മുമ്പ് അഞ്ചുതവണ പലിശ നിരക്കില്‍ ഇളവ് വരുത്തിയിരുന്നു ആര്‍ബിഐ. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പലിശ ആര്‍ബിഐ കുറച്ചാല്‍ നിക്ഷേപകര്‍ക്കും ബാങ്കുകള്‍ക്കും നഷ്ടം സംഭവിക്കുമെന്നാണ് ആര്‍ബിഐയുടെ കണക്കുകൂട്ടല്‍.

ഡോളറുമായുള്ള രൂപയുടെ നിരക്ക് കൃത്രിമമായി താഴ്ത്തിരിക്കുകയാണ് ആര്‍ബിഐ. വിനിമയനിരക്ക് താഴുന്നതും പലിശനിരക്ക് താഴുന്നതും സമ്പദ് ഘടനയില്‍ ഒരേ ഫലമാണ് ഉണ്ടാക്കുക.്.  ആര്‍ബിഐയുടെ നടപടി കാരണം ധനകമ്മി ബജറ്റില്‍ പ്രതീക്ഷിച്ചതിലും കൂടാനാണ് സാധ്യത. പലിശ നിരക്ക് താഴ്ത്താത്ത പക്ഷം സര്‍ക്കാര്‍ കൂടുതല്‍ കടമെടുക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുക. കൂടാതെ സാമ്പത്തിക വളര്‍ച്ചയുടെ ഗ്രാഫ് ഉയരണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ന നയങ്ങളില്‍ മാറ്റം വരുത്തുകയാണ് വേണ്ടതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

നോര്‍ത്ത് ബ്ലോക്കിലെ ഉദ്യോഗസ്ഥവൃന്ദത്തിനൊപ്പം താളം ചവിട്ടിയാല്‍ ആര്‍ബിഐയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശക്കാരനെന്ന പേര് തനിക്ക് ബാക്കിയാകുമെന്ന ഭയവും ശക്തികാന്ത ദാസിനെ വേട്ടയാടിതുടങ്ങി എന്ന് പറയേണ്ടി വരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ആര്‍ബിഐയുടെ മാത്രം ചുമതലയല്ലെന്നും സര്‍ക്കാരിനെ ഓര്‍മപ്പെടുത്തുകയാണ് അദേഹം.

Author

Related Articles