
അടുത്ത അമേരിക്കന്‍ പ്രസിഡന്റാര്? ലോകം കാത്തിരിക്കുകയാണ് അമേരിക്കയുടെ ജനവിധി അറിയാന്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപും തമ്മിലെ മത്സരം ഇഞ്ചോടിഞ്ചാണ്. ഇതേസമയം, വോട്ടെടുപ്പിന് മുന്‍പുള്ള ചിത്രത്തില്‍ ബൈഡന് നേരിയ മുന്‍തൂക്കം കാണാം. ആര് പ്രസിഡന്റായാലും അമേരിക്കയും ഇന്ത്യയും തമ്മിലെ വ്യാപാര നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ജോ ബൈഡന്‍ പ്രസിഡന്റായാല്‍ക്കൂടി ട്രംപിന്റെ നയങ്ങള്‍ത്തന്നെ അമേരിക്ക പിന്തുടരാന്‍ സാധ്യതയേറെ. 'അമേരിക്ക ആദ്യ'മെന്നതാണ് ട്രംപിന്റെ മുദ്രാവാക്യം. 2016-ല്‍ തിരഞ്ഞെടുപ്പ് ക്യാംപയിനില്‍ ട്രംപ് അവതരിപ്പിച്ച ഈ ആശയം രാഷ്ട്രീയ ഭൂപടത്തില്‍ ഇന്നും പ്രസക്തമായി തുടരുന്നു.
അമേരിക്കയെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകശക്തിയാക്കി മാറ്റണം, ഇതിനായി കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഡോണള്‍ഡ് ട്രംപ്. തന്റെ ഭരണകാലത്ത് ചൈനയുമായുള്ള വ്യാപാരക്കമ്മി നിരവധി തവണ ട്രംപ് ഉയര്‍ത്തുകയുണ്ടായി. ഫലമോ, ഇരുരാജ്യങ്ങളും വ്യാപാരയുദ്ധത്തിലേക്ക് നീങ്ങി. പക്ഷേ ആഗോളവത്കരണത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം കൊയ്തത് ചൈനയാണ്. പരമ്പരാഗത ഉത്പാദക സമ്പദ്വ്യവസ്ഥയ്ക്കൊപ്പം കൃത്യസമയത്ത് സാങ്കേതികവിദ്യയിലും ശ്രദ്ധയൂന്നിയത് ചൈനയുടെ കുതിപ്പിന് കാരണമായി. 2019-ലെ കണക്ക് പ്രകാരം 308.8 ബില്യണ്‍ ഡോളറിന്റെ വ്യാപാരമിച്ചമാണ് അമേരിക്കയുമായി ചൈന നേടിയത്. 163 മില്യണ്‍ ഡോളറിന്റെ ചരക്ക് സേവനങ്ങള്‍ ചൈനയിലേക്ക് അമേരിക്ക കയറ്റുമതി ചെയ്തു. ഇതേകാലയളവില്‍ 471.8 ബില്യണ്‍ ഡോളറിന്റെ ചരക്കുകളും സേവനങ്ങളും ചൈനയില്‍ നിന്നും അമേരിക്കയിലെത്തി. ഈ സമയം അമേരിക്കയുടെ മൂന്നാമത്തെ വലിയ ചരക്ക് വ്യാപാര പങ്കാളിയും ചൈനയായിരുന്നു.
എന്നാല്‍ തുടര്‍ന്നാണ് വ്യാപാരത്തര്‍ക്കം രൂക്ഷമായത്. ഇതോടെ 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ചരക്കുകള്‍ക്ക് മേല്‍ 25 ശതമാനം തീരുവ അമേരിക്ക ചുമത്തി. നേരത്തെ, തീരുവ 10 ശതമാനമായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് മോഡമുകള്‍, റൗട്ടറുകള്‍, പ്രിന്റ് ചെയ്ത സര്‍ക്യൂട്ട് ബോര്‍ഡുകള്‍, കെട്ടിട നിര്‍മ്മാണ വസ്തുകള്‍ ഉള്‍പ്പെടെ ചൈനയില്‍ നിന്നുള്ള ഒട്ടുമിക്ക ഉത്പന്നങ്ങളുടെയും വില കുതിച്ചുയര്‍ന്നു. അമേരിക്കയ്ക്ക് അതേ നാണയത്തിലാണ് ചൈനയും മറുപടി കൊടുത്തത്. അമേരിക്കയില്‍ നിന്നെത്തിയ 60 ബില്യണ്‍ ഡോളര്‍ ചരക്കില്‍ 20 മുതല്‍ 25 ശതമാനം വരെ നികുതി വര്‍ധനവ് ചൈനയും പ്രഖ്യാപിച്ചു. ബിയര്‍, വൈന്‍, നീന്തല്‍ വസ്ത്രങ്ങള്‍, കുപ്പായങ്ങള്‍, ദ്രവീകൃത പ്രകൃതിവാതകം തുടങ്ങിയവയ്ക്കെല്ലാം വില കൂടി. എന്തായാലും ചൈനയ്ക്ക് എതിരെ ട്രംപ് സ്വീകരിച്ച ശക്തമായ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു. നയങ്ങളില്‍ ഇനിയൊരു തിരിച്ചുപോക്ക് അമേരിക്കയ്ക്ക് സാധിക്കില്ല.
എന്തായാലും ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകളില്‍ അമേരിക്കയ്ക്ക് പ്രശ്നമില്ല. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുമായി കൂടുതല്‍ വ്യപാരമിച്ചം കണ്ടെത്താനുള്ള താത്പര്യം ട്രംപ് അറിയിച്ചിട്ടുമുണ്ട്. 2019-ല്‍ അമേരിക്കയുമായി 28.8 ബില്യണ്‍ ഡോളറിന്റെ വ്യാപാരമിച്ചമാണ് ഇന്ത്യ നേടിയത്. പോയവര്‍ഷം 87.4 ബില്യണ്‍ ഡോളറിന്റെ (6.5 ലക്ഷം കോടി രൂപ) ചരക്കുകളും സേവനങ്ങളും ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തി. അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയതാകട്ടെ 58.6 ബില്യണ്‍ ഡോളറിന്റെ (4.4 ലക്ഷം കോടി രൂപ) ചരക്ക് സേവനങ്ങളും. അമേരിക്കയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ പൊതുവേ ഡെമോക്രാറ്റുകളാണ് കൂടുതല്‍ സംരക്ഷണവാദികള്‍. റിപ്പബ്ലിക്കുകള്‍ വ്യാപാര സൗഹൃദം കാംക്ഷിക്കുന്ന കൂട്ടത്തിലാണ്. എന്നാല്‍ ഇത്തവണ ചിത്രം നേര്‍ വിപരീതമാകുന്നു. വ്യാപാര ഇടപാടുകളുടെ കാര്യത്തില്‍ ട്രംപിന്റെ നയങ്ങള്‍ പിന്തുടരാന്‍ തന്നെയാകും ഡെമോക്രാറ്റ് പാര്‍ട്ടി തീരുമാനിക്കുക.
അമേരിക്കയുടെ കുടിയേറ്റ നയം കര്‍ശനമാക്കിയതാണ് ഡോണള്‍ഡ് ട്രംപ് എടുത്ത മറ്റൊരു പ്രധാന നിലപാട്. ഇതോടെ അമേരിക്കയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ സ്ഥിതി ഒരല്‍പ്പം സങ്കീര്‍ണമായി. തദ്ദേശീയ ജനവിഭാഗത്തിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ വേണം. ഇക്കാര്യം മുറുക്കെപ്പിടിച്ചാണ് ട്രംപ് ഭരണകൂടം എച്ച് 1 ബി വിസകളും എല്‍ 1 ഉള്‍പ്പെടെയുള്ള മറ്റു താത്കാലിക തൊഴില്‍ അനുമതികള്‍ റദ്ദാക്കിയത്. എന്നാല്‍ രാജ്യത്തെ ടെക് വ്യവസായം ഈ തീരുമാനത്തെ നഖശിഖാന്തം ചോദ്യം ചെയ്തു. ആഗോളതലത്തില്‍ അമേരിക്കയുടെ മുന്നേറ്റത്തെ ബാധിക്കുമെന്നും സമ്പദ്ഘടനയുടെ തിരിച്ചുവരവ് മന്ദഗതിയിലാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അമേരിക്കന്‍ ബിസിനസുകള്‍ 'പച്ച പിടിക്കാതെ' കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ 'ഔട്ട്സോഴ്സിങ്' നടപടികള്‍ സ്വീകരിച്ച് ചെലവ് ചുരുക്കി വരികയാണ് കമ്പനികളും. അതുകൊണ്ട് എച്ച് 1 ബി വിസ പ്രശ്നത്തില്‍ പുതിയ സര്‍ക്കാര്‍ എടുത്തുച്ചാടി ഒരു തീരുമാനം കൈക്കൊള്ളാന്‍ സാധ്യതയില്ല.
ഇന്ത്യയിലെ കാര്‍ഷിക ഉത്പന്നങ്ങളിലേക്ക് കടന്നുകയറാന്‍ കാലങ്ങളായി അമേരിക്ക ശ്രമിച്ചുവരികയാണെന്ന് കാര്യവും ഇവിടെ പരാമര്‍ശിക്കണം. മറുഭാഗത്ത് വ്യാപാര മുന്‍ഗണനാ പദ്ധതി അമേരിക്ക പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യയും താത്പര്യപ്പെടുന്നു. നിയുക്ത ഗുണഭോക്തൃ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ക്ക് നികുതിയില്ലാതെ പ്രവേശനം അനുവദിക്കാന്‍ അമേരിക്ക ആവിഷ്‌കരിച്ച പദ്ധതിയാണ് വ്യാപാര മുന്‍ഗണനാ പദ്ധതി. കഴിഞ്ഞ ജൂണിലാണ് ഇന്ത്യയ്ക്കുള്ള മുന്‍ഗണനാ പദവി അമേരിക്ക എടുത്തുകളഞ്ഞത്. കാരണം ഗുണഭോക്തൃ വികസ്വര രാജ്യമായി ഇന്ത്യയെ അമേരിക്ക കണക്കാക്കുന്നു. ഒപ്പം കമ്പോളങ്ങള്‍ക്ക് തുല്യവും ന്യായയുക്തവുമായ പ്രവേശനം നല്‍കുമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയിട്ടില്ലെന്നും അമേരിക്ക ചൂണ്ടിക്കാട്ടുന്നു. നേരത്തെ, ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളില്‍ ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന നികുതിക്ക് എതിരെ ഡോണള്‍ഡ് ട്രംപ് പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു.
എന്തായാലും ആകെ ചിത്രം നോക്കുമ്പോള്‍ ട്രംപ് ഭരണകൂടുവുമായുള്ള ഇടപാടില്‍ ഇന്ത്യയ്ക്ക് നേട്ടങ്ങള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ട്. ചൈനയ്ക്ക് എതിരെ അമേരിക്ക പടപ്പുറപ്പാട് നടത്തിയപ്പോഴും ലാഭം ഇന്ത്യയ്ക്കായി. നിലവില്‍ ഗൂഗിള്‍ അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ നടത്തിയ നിക്ഷേപം കുറഞ്ഞുപോയി എന്ന ചിന്തയിലാണുള്ളത്. ആഗോള കമ്പനികള്‍ ചൈനയില്‍ നിന്നും കൂട്ടമായി ഇന്ത്യയിലേക്ക് ചേക്കേറാന്‍ നടപടികളും ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇന്ത്യയ്ക്കുണ്ട്. തദ്ദേശീയ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ഉയരണം. എങ്കില്‍ മാത്രമേ രാജ്യം മുന്നോട്ട് കുതിക്കുകയുള്ളൂ.