ലോക്ക്ഡൗണിൽ തളരാതെ ഓൺലൈൻ; പണമുണ്ടാക്കാൻ ഓൺലൈൻ ബിസിനസുകൾ

April 08, 2020 |
|
Columns

                  ലോക്ക്ഡൗണിൽ തളരാതെ ഓൺലൈൻ; പണമുണ്ടാക്കാൻ ഓൺലൈൻ ബിസിനസുകൾ

കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി 21 ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഏപ്രിൽ 14 വരെ നീളുന്ന 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.സാമൂഹിക അകലം പാലിച്ച് രോ​ഗ വ്യാപനം തടയാനാണ് ഇത് ലക്ഷ്യമിട്ടിരുന്നത്. ഇക്കാലയളവിൽ ഇന്ത്യയുടെ സാമ്പത്തിക രം​ഗം മുമ്പില്ലാത്ത വിധമുള്ള അസ്ഥിരതകളിലൂടെയാണ് നീങ്ങിയതും. എന്നാൽ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായ ലോക്ക്ഡൗൺ നൽകുന്ന സാമ്പത്തിക അറിവുകൾ ചെറുതല്ല. അതിൽ ഏറ്റവും പ്രധാനം വർധിച്ച് വരുന്ന ഓൺലൈൻ ഇടപാടുകളാണ്. സുരക്ഷിതമല്ല എന്ന് കരുതി തള്ളിക്കളഞ്ഞിരുന്ന ഓൺലൈൻ ഇടപാടുകൾക്ക് വൻ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. മാത്രമല്ല, ഈ ലോക്ക്ഡൗൺ കാലത്ത് നേട്ടം കൊയ്യാൻ കഴിഞ്ഞ ഏക മേഖലയും ഓൺലൈനിൽ പ്രവർത്തിക്കുന്ന വിവിധ ബിസിനസ് സംരംഭങ്ങൾക്കാണ്.

ഓൺലൈൻ ഇടപാടുകൾ

ലോക്ക്ഡൗണിൽ അവശ്യവസ്തുക്കളും ഭക്ഷണവും മരുന്നുകളും മറ്റും വാങ്ങാൻ ഉപയോക്താക്കൾ ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതലായി ഉപയോഗിക്കുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായതിനാൽ എല്ലാവരും ഈ സൗകര്യം വ്യാപകമായി ഉപയോ​ഗിക്കുന്നതായി കണക്കുകൾ പറയുന്നു. അവശ്യ സാധനങ്ങൾ വീട്ടിലെത്തുന്ന സ്ഥിതിയുണ്ടെങ്കിലും ശാരീരിക അകലം പാലിച്ച് സ്പർശനത്തിലൂടെ രോ​ഗം പകരുന്നതൊഴിവാക്കാൻ നോട്ടുകളുടെ ഉപയോ​ഗം പരമാവധി കുറയ്ക്കാൻ സർക്കാർ തലത്തിൽ തന്നെ നിർദേശങ്ങൾ ഉണ്ടായിരുന്നതുമാണ്. അതിനാൽ പ്രായഭേദമന്യേ കൂടുതൽ ആളുകൾ ബില്ലുകൾ അടയ്ക്കുന്നതുൾപ്പെടെ എല്ലാം ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രാദേശിക സ്റ്റോറുകളിലടക്കം യുപിഐ പോലുള്ള ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങൾ ഏർപ്പെടുത്തി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ വൻ വർധനവും ഉണ്ടായി. മെഡിക്കൽ സപ്ലൈസ്, ടെലികോം റീചാർജുകൾ, യൂട്ടിലിറ്റി ബില്ലുകൾ എന്നിവ ഓൺലൈൻ അടയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി കമ്പനികളും ബാങ്കുകളും സാക്ഷ്യപ്പെടുത്തുന്നു. ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുന്ന കമ്പനികൾക്ക് വൻ ലാഭമാണുണ്ടായിരിക്കുന്നത്. ലോക്ക്ഡൗണിന് മുമ്പ് ഓൺലൈൻ ഇടപാടുകൾ ഉപയോ​ഗിച്ചവർ 12 ശതമാനം മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ അത് 50 ശതമാനത്തിലേക്ക് ഉയർന്നിരിക്കുന്നു. അതും നിത്യോപയോ​ഗ സാധനങ്ങൾ വാങ്ങാൻ ആണ് എന്നതും ശ്രദ്ധേയമാണ്.

അവശ്യ സാധനങ്ങൾ മാത്രമല്ല, വിനോദം മുതൽ വിജ്ഞാനം വരെ എല്ലാം ഓൺലൈനിൽ തേടി എത്തുന്നവർ കുറവല്ല. ഓൺലൈൻ സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമായ ആമസോൺ, നെറ്റ്ഫ്ലിക്സ് തുടങ്ങിയവയും ​ഗെയിമിം​ഗ് പ്ലാറ്റ്ഫോമുകളും ബൈജൂസ് പോലുള്ള വിദ്യഭ്യാസ സംരംഭങ്ങളും ഈ രീതിയിൽ നേട്ടം കൈവരിച്ചവരാണ്. ലോക്ക്ഡൗണിലൂടെയാണെങ്കിൽപ്പോലും ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള പ്രയാണം വളരെ വേ​ഗത്തിലാണെന്നതിന്റെ സൂചനയാണിത്. എല്ലാ ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയുന്നതും സുരക്ഷിതമായ ഓൺലൈൻ ഇടപാടുകളാണ്. സർക്കാർ തലത്തിലും പെൻഷൻ ഉൾപ്പെടെയുള്ള എല്ലാം ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ച് ഡിജിറ്റൽ ഇടപാടുകളെ പകമാവധി പിന്തുണയ്ക്കുന്നുണ്ട്.

 ഓൺലൈൻ ബിസിനസുകൾ

ലോക്ക്ഡൗൺ നൽകുന്ന ഏറ്റവും വലിയ ബിസിനസ് പാഠവുമിതാണ്. ഏറ്റവും കുറഞ്ഞ ചെലവിൽ ഓൺലൈനായി സംരംഭം തുടങ്ങുകയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും നേട്ടമുണ്ടാക്കാൻ കഴിയുന്ന കാര്യം. ചെറുകിട സംരംഭകരെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ മാർ​ഗം ഇത് തന്നെയാണ്. ഓഫീസുകള്‍ പ്രവര്‍ത്തിക്കാതെ, ഉല്‍പ്പാദനവും സപ്ലൈയും സേവനങ്ങളുമെല്ലാം നിശ്ചലാവസ്ഥയിലായി നില്‍ക്കുന്ന സാഹചര്യത്തിൽ രക്ഷപ്പെട്ടത്  ഓൺലൈൻ ബിസിനസുകൾ മാത്രമാണ് എന്ന് സാരം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നത് കൊറോണ കാലത്ത് മാത്രമല്ല എക്കാലത്തും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ ബിസിനസില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാം.

വളരെ കുറഞ്ഞ ചിലവില്‍ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ പറ്റിയ വിപണന തന്ത്രമാണ് ഇത്.അതുകൊണ്ട് തന്നെയാണ് ടെലിവിഷന്‍, റേഡിയോ, ബില്‍ബോര്‍ഡുകള്‍, വര്‍ത്തമാന പത്രങ്ങള്‍, മാസികകള്‍ തുടങ്ങിയ പരമ്പരാഗത മാര്‍​ഗങ്ങളേക്കാള്‍ ഇന്ന് ഏവരും ഇന്റര്‍നെറ്റില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തെരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്റര്‍നെറ്റിന്റെ ലഭ്യതയും ഉപയോഗവും വര്‍ധിച്ചതും ബിസിനസ് രംഗത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

വരും കാലത്ത് ബിസിനസിന്റെ മൂല്യം നിശ്ചയിക്കുന്നത് ഡിജിറ്റൽ ആസ്തികളാകും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ വേ​ഗത്തിൽ ടാര്‍ഗെറ്റഡ് ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാന്‍ കഴിയും. പരമ്പരാഗത പരസ്യ മാര്‍ഗങ്ങളിലൂടെ പത്തു വര്‍ഷം കൊണ്ട് നേടിയെടുക്കുന്ന പ്രശസ്തി പത്തു ദിവസത്തിനുള്ളില്‍ സമ്മാനിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കൊണ്ട് സാധിക്കുന്നുവെന്ന് ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ്(SEM) , പേ പെര്‍ ക്ലിക് (PPC) എന്നിവ ചൂണ്ടിക്കാട്ടുന്നു.

ലോക്ക്ഡൗൺ പകർന്ന് നൽകിയ സാമ്പത്തിക അറിവുകൾ ഓൺലൈനിന്റെ വൈവിധ്യമായ സാധ്യതയാണ് തുറന്നിടുന്നത്. വേണ്ട രീതിയിൽ ഉപയോ​ഗിച്ചാൽ കുറഞ്ഞ മൂലധനത്തിൽ പണം നേടാനുള്ള മികച്ച അവസരമാണ് ഇത് നൽകുന്നത്.

Related Articles

© 2023 Financial Views. All Rights Reserved