Banking

ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും കുറച്ചു; പുതിയ തീരുമാനം സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകും

ന്യൂഡല്‍ഹി: ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. 6.25 ശതമാനത്തില്‍ 6 ശതമാനമായിട്ടാണ് റിപ്പോ നിരക്ക് കുറച്ചത്. ആര്‍ബിഐയുടെ പണനയ അവലോകന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ആര്‍ബിഐ റിപ്പോ നിരക്ക് കുറക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ വിലയിരുത്തിയിരുന്നു. റിപ്പോ നിരക്ക് കുറച്ചാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണര്‍വേകുമെന്നാണ് ആര്‍ബിഐ മോണിറ്ററി പോളിസി കമ്മറ്റി (എംപിസി) ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. 25 ബേസിസ് പോയിന്റ് കുറവ് വരുത്താനാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചത്. 

ഇത് രണ്ടാം  തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നാണയ പെരുപ്പം കുറഞ്ഞതും ജിഡിപി നിരക്കിലെ വളര്‍ച്ചാ ഇടിവുമാണ് റിപ്പോ നിരക്ക് കുറക്കാന്‍ ആര്‍ബിഐ മുതിര്‍ന്നത്. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫിബ്രുവരിയിലും  25 ബേസിസ് പോയിന്റ് ആര്‍ബിഐ കുറച്ചിരുന്നു. റിപ്പോ നിരക്ക് കുറച്ചതിനാല്‍ രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകളെല്ലാം പലിശ നിരക്കില്‍ കുറവ് വരുത്തുകയും ചെയ്തിരുന്നു. എസ്ബിഐ അടക്കമുള്ള ബാങ്കുകളാണ് പലിശ നിരക്ക് കഴിഞ്ഞ മാസം കുറച്ചത്. 

സമ്പദ് വ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കുകയും, വളര്‍ച്ച കൈവരിക്കുകയുമാണ് ആര്‍ബിഐയുടെ പ്രധാന ലക്ഷ്യം. റിപ്പോ നിരക്ക് വീണ്ടും കുറച്ചതിനാല്‍ ഭവന വായ്പയിലടക്കം പലിശ നിരക്ക് ബാങ്കുകള്‍ വീണ്ടും കുറച്ചേക്കും. ആര്‍ബിഐയുടെ പുതിയ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണര്‍വേകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം 2018 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 7 ശതമാനമാണ് ഉണ്ടായിരുന്നത്. ഇത് 7.2 ശതമാനം എന്ന ആര്‍ബിഐയുടെ എസ്റ്റിമേറ്റിനേക്കാള്‍കുറവാണ്. 

 

Author

Related Articles