Banking

എസ്ബിഐ മൊറട്ടോറിയം: ഇഎംഐ മാറ്റി വയ്ക്കുന്നത് അധിക ബാധ്യതയാകും

കോവിഡ് -19 കണക്കിലെടുത്തുള്ള മോറട്ടോറിയത്തിന്റെ ഭാഗമായി വായ്പകളുടെ ഇഎംഐ തിരിച്ചടവിന് മൂന്നു മാസത്തെ സാവകാശം ലഭിക്കുമെങ്കിലും ഇക്കാലയളവില്‍ ബാധ്യതയുള്ള വായ്പാ തുകയ്ക്ക് ബാങ്കുകള്‍ പതിവുള്ളതുപോലെ പലിശ ഈടാക്കും. ഇക്കാരണത്താല്‍ ഇടപാടുകാര്‍ക്ക് അധികച്ചെലവ് വരാന്‍ ഇടയാകുന്ന നടപടി തന്നെയാണിതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിജ്ഞാപനം വ്യക്തമാക്കുന്നു.

ആർ‌ബി‌ഐ കോവിഡ്-19 റെഗുലേറ്ററി പാക്കേജിന്റെ അടിസ്ഥാനത്തിൽ, 2020 മാർച്ച് 1 മുതൽ 2020 മെയ് 31 വരെ എല്ലാ ടേം ലോണുകൾക്കും മൊറട്ടോറിയം അനുവദിക്കുമെന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. വായ്പ തിരിച്ചടവിന് സാവകാശം ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇമെയിൽ വഴി ബാങ്കിന് അപേക്ഷ നല്‍കി വായ്‌പ തിരിച്ചടയ്‌ക്കൽ തല്‍ക്കാലത്തേയ്ക്ക് നീട്ടിവെയ്ക്കാം. തിരിച്ചടവ് നീട്ടി കിട്ടണം എന്നാഗ്രഹിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നും എസ്‌ബിഐ ഒരു ട്വീറ്റിലൂടെ അറിയിച്ചു.

മോറട്ടോറിയം കാലയളവിൽ ഇഎംഐ അടയ്‌ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. സാധാരണ പോലെ ഇടപാട് നടന്നു കൊള്ളും. എന്നാൽ മോറട്ടോറിയം ആവശ്യമുള്ളവർക്ക് സൈറ്റിൽ കയറി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്. സൈറ്റിൽ പോയാൽ നിങ്ങൾ അപേക്ഷ നൽകേണ്ട അതത് എസ്‌ബിഐ ശാഖയുടെ ഇമെയിൽ ഐഡിയും ലഭിക്കും.

മോറട്ടോറിയം സ്വീകരിക്കുന്നവർ കൂടുതൽ തുക പലിശയായി അടയ്ക്കേണ്ടി വരും. കോവിഡ് ദുരിതാശ്വാസമായി പ്രഖ്യാപിച്ച മോറട്ടോറിയം സ്വീകരിക്കുന്നവർ പിന്നീട് കൂടുതൽ തുക പലിശയായി അടയ്‌ക്കേണ്ടിവരും. മൂന്നു മാസത്തെ മോറട്ടോറിയം ബാധകമാക്കിയാൽ അധിക പലിശ വരുന്നതെങ്ങനെ എന്ന കണക്ക് എസ്‌ബിഐ തന്നെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ചടവ് തവണ നീളുന്നതിനൊപ്പം ഇപ്പോൾ മാറ്റി വയ്ക്കുന്ന പലിശ തുക കൂടി പിന്നീട് അടയ്ക്കണം എന്നതിനാലാണ് കൂടുതൽ തുക പലിശയായി അടയ്ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുന്നത്. മുടക്കം വരുത്താതെ ഇഎംഐ തിരിച്ചടവിന് സാധിക്കുന്നവര്‍ ഇക്കാരണത്താല്‍ അങ്ങനെ ചെയ്യുന്നതാകും ഉചിതം. കാരണം മോറട്ടോറിയെന്നത് പലിശ ഒഴിവാക്കലല്ല മാറ്റിവയ്ക്കലാണെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ (റീട്ടെയില്‍, ഡിജിറ്റല്‍ ബാങ്കിംഗ്) സി.എസ് സെറ്റി വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ നല്‍കിയിട്ടുള്ള ഇ-മാന്‍ഡേറ്റിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസ തിരിച്ചടവു തുക  ഓട്ടോമാറ്റിക് ആയി ബാങ്കുകള്‍ പിടിച്ചിട്ടുണ്ടെങ്കില്‍ ഇങ്ങനെ ഈടാക്കിയ തുക തിരികെ ആവശ്യമായവര്‍ക്ക് തിരികെ വാങ്ങാമെന്ന് സെറ്റി അറിയിച്ചു. ഉപഭോക്താക്കള്‍ ഇതിനുള്ള അപേക്ഷ ഇ മെയില്‍ ആയി അയച്ചാല്‍ മതിയാകും. ഈ ഇഎംഐ തുക തിരികെ ലഭിക്കുമെങ്കിലും പിന്നീട് തിരിച്ചടയ്ക്കുമ്പോള്‍ അതിനും പലിശ നല്‍കണം.

ഇപ്പോഴത്തെ സാഹചര്യത്തില്‍  അടച്ചു കഴിഞ്ഞവര്‍ക്ക്  ഇഎംഐ തിരികെ വാങ്ങാതെ തന്നെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ സാധിക്കുമെങ്കില്‍ അതായിരിക്കും നല്ലത്. സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാണെങ്കില്‍ മാത്രം ഇഎംഐ തിരികെ വാങ്ങുന്നതായിരിക്കും അഭിലഷണീയം.അതേസമയം,  ഇഎംഐ തിരിച്ചടവ് മാറ്റിവയ്ക്കുന്നത് ബാങ്കിന് അധിക ദ്രവ്യതാ സമ്മര്‍ദ്ദം സൃഷ്ടിക്കില്ലെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.

മൊറട്ടോറിയം ലഭ്യമാക്കാൻ ഓരോ ബാങ്കുകളും വ്യത്യസ്ത പ്രക്രിയകളാണ് പിന്തുടരുന്നത്. മറ്റ് പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഐഡിബിഐ ബാങ്ക്, കാനറ ബാങ്ക് എന്നിവയും ഇഎംഐ മൊറട്ടോറിയത്തെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും വെബ്‌സൈറ്റുകൾ വഴിയും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, മൊറട്ടോറിയം നേടാൻ ആഗ്രഹിക്കുന്നവർ ബാങ്കിനെ അറിയിക്കേണ്ടതിന് 'ഓപ്റ്റ്-ഇൻ' എന്ന വഴിയാണ് എസ്‌ബി‌ഐ തിരഞ്ഞെടുത്തത്. ഐഡിബിഐ ബാങ്കാണെങ്കിൽ 'ഓപ്റ്റ്-ഔട്ട്' റൂട്ടാണ് സ്വീകരിച്ചിട്ടുള്ളത്. അതായത് മൊറട്ടോറിയം ആവശ്യമില്ലാത്തവർ ഏപ്രിൽ 3-നകം ബാങ്കിന് moratorium@idbi.co.in എന്ന ഇമെയിൽ ഐഡിയിലേക്ക് സന്ദേശമയയ്‌ക്കണം. '8422004008' എന്ന നമ്പറിലേക്ക് "NO" എന്ന് കാണിച്ച് സന്ദേശമയയ്‌ക്കാനാണ് കാനറ ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ വിശദാംശങ്ങൾ retailbankingwing@canarabank.com. എന്നതിലേക്ക് ഇമെയിൽ ചെയ്യാവുന്നതുമാണ്.

Author

Related Articles