Banking

പലിശ നിരക്കുകൾ വെട്ടിക്കുറച്ച് എസ്‌ബി‌ഐ; അക്കൗണ്ട് പലിശ 2.75 ശതമാനമായി കുറച്ചു; വായ്പാ പലിശയിലും ഇളവ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് - ബേസിഡ് ലെൻഡിം​ഗ് റേറ്റ്) നിരക്കുകൾ വെട്ടിക്കുറച്ചു. ഏപ്രിൽ 10 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഒരു വർഷത്തെ കാലവധിയുളള എംസിഎൽആർ നിരക്കിൽ 35 ബേസിസ് പോയിന്റുകളുടെ (ബി‌പി‌എസ്) കുറവാണ് വരുത്തിയിരിക്കുന്നത്. ഭവന വായ്പകൾ പോലെ എം‌സി‌എൽ‌ആർ-ലിങ്ക്ഡ് ഫ്ലോട്ടിംഗ് റേറ്റ് വായ്പ എടുത്തിട്ടുളള എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ഈ നീക്കം ഗുണം ചെയ്യും. ഇവരുടെ പലിശ നിരക്കുകൾ കുറയും.

2020 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു വർഷത്തെ എംസി‌എൽ‌ആർ 7.75 ശതമാനത്തിൽ നിന്ന് പ്രതിവർഷം 7.40 ശതമാനമായി കുറയുമെന്ന് എസ്‌ബി‌ഐ പ്രസ്താവനയിൽ പറഞ്ഞു. യോഗ്യതയുള്ള ഭവനവായ്പ അക്കൗണ്ടുകളിലെ (എംസി‌എൽ‌ആറുമായി ലിങ്ക് ചെയ്തിട്ടുള്ള) ഇ‌എം‌ഐകൾക്ക് 30 വർഷത്തെ വായ്പയ്ക്ക് ഒരു ലക്ഷത്തിന് 24 രൂപ വരെ നിരക്ക് കുറയുമെന്ന് എസ്‌ബി‌ഐ അറിയിച്ചു. സേവിങ്‌സ് ഡെപ്പോസിറ്റുകളുടെ പലിശയും ബാങ്ക് കുറച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെയും ഇതിനുമുകളിലുള്ള നിക്ഷേപങ്ങളുടെയും പലിശ നിരക്ക് മൂന്നു ശതമാനത്തിൽനിന്ന്‌ കാൽ ശതമാനം കുറച്ച് 2.75 ശതമാനമാക്കി. ഏപ്രിൽ 15 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വരും.

അതേസമയം സേവിംഗ്സ് അക്കൗണ്ടുകളുടെ പ്രതിമാസ മിനിമം ബാലൻസ് കഴിഞ്ഞ മാസം എസ്‌ബി‌ഐ ഒഴിവാക്കിയിരുന്നു. മാർച്ച് മാസം മുതൽ എല്ലാ എസ്‌ബി‌ഐ ഉപഭോക്താക്കൾക്കും അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ സീറോ ബാലൻസ് സൗകര്യം ലഭിക്കുന്നു. ഇത് 44.51 കോടി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഗുണം ചെയ്യുമെന്ന് എസ്ബിഐ പത്രക്കുറിപ്പിൽ പറയുന്നു.

Author

Related Articles