Banking

എസ്ബിഐ എടിഎം ഇടപാടുകൾക്ക് നിരക്ക് ഒഴിവാക്കി; നടപടി കേന്ദ്ര നിർദേശത്തെത്തുടർന്ന്

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും എത്ര തവണ വേണമെങ്കിലും ചാര്‍ജ് നല്‍കാതെ പണം പിന്‍വലിക്കാം. ഏപ്രില്‍ 15 ന് ബാങ്കിന്റെ വെബ്‌സൈറ്റിലൂടെയാണ് എടിഎം നിരക്കുകള്‍ ജൂണ്‍ 30 വരെ പിന്‍വലിച്ചതായി എസ്ബിഐ അറിയിച്ചത്. എടിഎം നിരക്കുകള്‍ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ബാങ്കിന്റെ നടപടി.

സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് ഇതുവരെ അനുവദിച്ചിരുന്നത്. മെട്രോ നഗരങ്ങളിലല്ലെങ്കില്‍ പ്രത്യേക നിരക്കൊന്നും നല്‍കാതെ 10 സൗജന്യ ഇടപാടുകള്‍ നടത്താം. അതിനുമുകളിലുള്ള ഓരോ സാമ്പത്തിക ഇടപാടിനും 20 രൂപയും ജിഎസ്ടിയും, സാമ്പത്തികേതര ഇടപാടിന് എട്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കിയിരുന്നത്.

കഴിഞ്ഞമാസം മുതല്‍ ബാങ്ക് മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കിയിരുന്നു. എസ്എംഎസ് ചാര്‍ജും എടുത്ത് കളഞ്ഞു. 44.51 കോടി സേവിങ്‌സ് അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്. മാർച്ച് 24 നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ മറ്റൊരു ബാങ്കിന്റെ എടിഎമ്മിൽ നിന്ന് ഒരു ബാങ്കിന്റെ ഉപഭോക്താവ് പണം പിൻവലിക്കുന്നതിന് യാതൊരു ചാർജും ഈടാക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഇത് മൂന്ന് മാസത്തേക്കാണ് നിലനിൽക്കുന്നത്. അതായത് ജൂൺ 30 വരെ. രാജ്യത്തിനായി കോവിഡ് -19 പാക്കേജ് പ്രഖ്യാപിക്കുമ്പോഴാണ് ധനമന്ത്രി പറഞ്ഞത്.

Author

Related Articles