Banking

ബാങ്കിങ് ,ധനകാര്യ സ്ഥാപനങ്ങളുടെ സെക്യൂരിറ്റൈസേഷന്‍ റേറ്റ് റെക്കോര്‍ഡിടും

ദില്ലി: ബാങ്കിങ് ഇതര ധനകാര്യ കമ്പനികളും ഭവന വായ്പാ കമ്പനികളും സെക്യൂരിറ്റി ഉല്‍പ്പന്നങ്ങളെ വളരെയധികം ആശ്രയിക്കുന്നതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്തം സെക്യുരിറ്റൈസേഷന്റെ അളവ് സര്‍വകാല റെക്കോര്‍ഡിലെത്തുമെന്ന് റിപ്പോര്‍ട്ട്. റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എയാണ് ഈ വിലയിരുത്തല്‍ നടത്തിയത്. 2019 ഡിസംബറില്‍ 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് സെക്യൂരിറ്റൈസേഷന്റെ അളവ് എത്തിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇത് രണ്ട് ലക്ഷം കോടിരൂപയില്‍ എത്തുമെന്നാണ് ഐസിആര്‍എ കണക്കാക്കിയിരിക്കുന്നത്.

സെക്യൂരിറ്റൈസേഷന്റെ അളവ് ഡിസംബറില്‍ 1.57 ലക്ഷം കോടിരൂപയായിരുന്നു. 2018 ഡിസംബറില്‍ ഇത് 1.44 ലക്ഷം കോടി രൂപയായിരുന്നു. മൂന്നാംപാദത്തില്‍ സെക്യുരിറ്റൈസേഷന്‍ അളവ് ഉയര്‍ന്നതാണെങ്കിലും എന്‍ബിഎഫ്‌സികളുടെ ബിസിനസ് വളര്‍ച്ച താണ നിലയിലായിരുന്നുവെന്നും ഐസിആര്‍എ വിലയിരുത്തുന്നു. ജാഗ്രതാപൂര്‍ണമായ സമീപനമാണ് നിക്ഷേപകര്‍ സ്വീകരിക്കുന്നത്. പാസ്ത്രൂ സര്‍ട്ടിഫിക്കറ്റ് ഇടപാട് 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 64000 കോടിരൂപയാണ്. മുന്‍വര്‍ഷം 71000 കോടിരൂപയായിരുന്നു. ഡയറക്ട് അസൈന്‍മെന്റ് ഇടപാടുകളുടെ എണ്ണം കഴിഞ്ഞ ഒന്‍പത് മാസത്തില്‍ 93000 കോടിരൂപയായിരുന്നു. മുന്‍വര്‍ഷം സമാനകാലയളവില്‍ 1.28 ലക്ഷം കോടി രൂപയായിരുന്നു. ഈടിന്മേലുള്ള വായ്പകളുടെ വിഹിതം ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് 31% ആയി കുറഞ്ഞു. 2018ല്‍ 45-50% ആയിരുന്നു. നിക്ഷേപകര്‍ സ്വര്‍ണ വായ്പകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്കി. 11% ആണ് ഈ വിഭാഗത്തിലുള്ളത്.

 

Author

Related Articles