Trading

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 811 പോയിന്റ് കുറഞ്ഞു

കൊറോണ വൈറസ് കേസുകള്‍ ആഗോള വിപണിയില്‍ ഇടിവിന് കാരണമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകളും തിങ്കളാഴ്ച രണ്ട് ശതമാനം ഇടിഞ്ഞു. എല്ലാ പ്രധാന മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. സെന്‍സെക്‌സ് 811 പോയിന്റ് കുറഞ്ഞ് 38,034 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 254 പോയിന്റ് നഷ്ടപ്പെട്ട് 11,250 എന്ന നിലയിലെത്തി. നിഫ്റ്റി സ്മോള്‍കാപ്പ് 100, നിഫ്റ്റി മിഡ്കാപ്പ് 100 എന്നിവയും നാല് ശതമാനത്തിലധികം ഇടിഞ്ഞ് കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോളതലത്തില്‍, ഏഷ്യയിലെ മിക്ക പ്രധാന സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. എംഎസ്സിഐയുടെ ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരി സൂചിക 0.6 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയയുടെ ബെഞ്ച്മാര്‍ക്ക് സൂചിക 0.7 ശതമാനവും ന്യൂസിലാന്‍ഡിലെ ഓഹരി വിപണി 0.8 ശതമാനവും ഇടിഞ്ഞു. ബ്ലൂ-ചിപ്പ് സൂചിക 0.8 ശതമാനവും ജാപ്പനീസ് വിപണികള്‍ പൊതു അവധിയിലുമായിരുന്നു ഇന്ന്. ആഗോള സൂചകങ്ങളെത്തുടര്‍ന്ന് ഈ മാസത്തെ ഏറ്റവും വലിയ ഏകദിന ഇടിവാണ് ഇന്ത്യന്‍ ഓഹരി വിപണി രേഖപ്പെടുത്തിയത്.

ബിഎസ്ഇയില്‍ ഇന്ന് 4.5 ലക്ഷം കോടിയിലധികം വിപണി മൂലധനം നഷ്ടമായി. സെന്‍സെക്‌സും നിഫ്റ്റിയും 2% വീതവും മിഡ്ക്യാപ് 3.6 ശതമാനവും നിഫ്റ്റി ബാങ്ക് 3 ശതമാനവും ഇടിഞ്ഞു. 47 നിഫ്റ്റി ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റി 50 സൂചികയില്‍ 6 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയില്‍ ഇടിവ് നേരിട്ടത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ എന്നിവയാണ് ഏറ്റവും നഷ്ടം നേരിട്ട ഓഹരികള്‍.

കൊട്ടക് ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ 3 ഓഹരികള്‍ മാത്രമാണ് 0.25 -1 ശതമാനം വരെ നേട്ടം കൈവരിച്ചത്. ഓപ്പണിംഗ് നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ ഐടി ഓഹരികള്‍ക്ക് സാധിച്ചില്ല. എച്ച്‌സിഎല്‍ ടെക്‌നോളജീസ് 6 ശതമാനവും വിപ്രോ 4 ശതമാനവും ഉയര്‍ന്നെങ്കിലും പിന്നീട് കുത്തനെ ഇടിഞ്ഞു.

Author

Related Articles