Banking

നെഫ്റ്റ് സേവനം 24 മണിക്കൂര്‍ മാത്രമല്ല ഇനി മുതല്‍ ഫീസും ഇല്ല

മുംബൈ: രാജ്യത്ത് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ രീതിയായ നെഫ്റ്റ് സേവനം 24 മണിക്കൂര്‍ ആക്കിയതിന് പിന്നാലെ ഇടപാടുകാര്‍ക്ക് മറ്റൊരു ആശ്വാസ സന്ദേശവും കൂടി നല്‍കി ആര്‍ബിഐ. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഹോള്‍ഡര്‍മാരായ ഉപയോക്താക്കളില്‍ നിന്ന് നെഫ്റ്റ് സേവനങ്ഹള്‍ക്ക് ഫീസ് ഈടാക്കരുതെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുതല്‍ നാഷനല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സേവനം 24 മണിക്കൂറാക്കി ഉയര്‍ത്തിയിരുന്നു.

അവധി ദിനങ്ങള്‍ അടക്കം എല്ലാദിവസവും ഏത് സമയവും ഇടപാടുകള്‍ സാധ്യമാക്കാനാണ് ആര്‍ബിഐ ഉത്തരവിട്ടിരുന്നത്. എന്നാല്‍ നേരത്തെ നെഫ്റ്റ് ഇടപാടുകള്‍ക്ക് പണം ഈടാക്കിയിരുന്നതാണ് ഇപ്പോള്‍ ഒഴിവാക്കിയത്. ആറ് മാസം മുമ്പ് തന്നെ നെഫ്റ്റ്,റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കേണ്ടതില്ലെന്ന് ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ ആനുകൂല്യം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നില്ല. പുതിയ ഉത്തരവിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചുതുടങ്ങും. മുമ്പ് രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് 6.30 വരെയായിരുന്നു ബാങ്കിങ് ഇടപാടുകള്‍ക്ക് നെഫ്റ്റ് സേവനം ലഭിച്ചിരുന്നത്. കൂടാതെ എല്ലാമാസവും ആദ്യ ശനിയാഴ്ചയും മൂന്നാമത്തെ ശനിയാഴ്ചയും പരമാവധി ഒരു മണിവരെയായിരുന്നു സേവനം ലഭ്യമായിരുന്നത്. അവധി ദിവസങ്ങളില്‍ നെഫ്റ്റ് ഇടപാടുകള്‍ ലഭിച്ചിരുന്നില്ല.

 

Author

Related Articles