Banking

പണമിടപാട് നടക്കണമെങ്കില്‍ ഇനി യോനോ വിചാരിക്കണം; ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ നിറുത്തുന്നുവെന്ന സൂചനയുമായി എസ്ബിഐ; ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പ്രോത്സാഹിപ്പിക്കാനുള്ള പുത്തന്‍ നീക്കമിങ്ങനെ

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബാങ്കിങ് ഇടുപാടുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കുക എന്നതാണ് ലക്ഷ്യം. എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഏവര്‍ക്കും എളുപ്പത്തില്‍ അക്കൗണ്ടുകള്‍ തുടങ്ങാനും ഇടപാടുകള്‍ നടത്താനുമായി അവതരിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം 'യോനോ'(യു ഓണ്‍ലി നീഡ് വണ്‍) വ്യാപകമാക്കാനും എസ്ബിഐ തയ്യാറെടുക്കുകയാണ്.

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനും വ്യാപാര സ്ഥാപനങ്ങളില്‍ ബില്ലടയ്ക്കാനും പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കി  'യോനോ' സൗകര്യം വ്യാപിപ്പിക്കുമെന്നും രജനിഷ് കുമാര്‍ പറഞ്ഞു. പണമിടപാടുകള്‍ക്കായി 'യോനോ' ആപ്പ് ഉപയോഗിക്കാം. സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും 'യോനോ ക്യാഷ് പോയിന്റ്‌സ്' വെബ്‌സൈറ്റ് വഴി പണമിടപാടുകള്‍ നടത്താനാകും.

മൂന്ന് കോടി ക്രെഡിറ്റ് കാര്‍ഡുകളും 90 കോടി ഡെബിറ്റ് കാര്‍ഡുകളുമാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. ഇതിനോടകം തന്നെ 68,000 'യോനോ ക്യാഷ് പോയിന്റുകള്‍' എസ്ബിഐ തയ്യാറാക്കിയിട്ടുണ്ട്. അടുത്ത 18 മാസത്തിനകം ഇത് ഒരു ദശലക്ഷമായി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്ബിഐ.

Author

Related Articles