
ഡല്‍ഹി: വാഹന മേഖലയിലെ പത്തു ലക്ഷത്തിലധികം ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി വെട്ടി കുറയ്ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. എന്നിരുന്നിട്ടും വാഹനങ്ങളുടെ വില്‍പനയില്‍ കാര്യമായ ഉണര്‍വുണ്ടായിട്ടില്ല. അതിനാല്‍ തന്നെ ജീവനക്കാരെ പിരിച്ച് വിടുകയല്ലാതെ മറ്റ് രക്ഷയില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു. ഇതിനോടകം 15,000 കരാര്‍ ജോലിക്കാരെ പിരിച്ചു വിട്ടിരുന്നു.
മാത്രമല്ല ഇനിയും പത്തു ലക്ഷം ആളുകളാണ് പിരിച്ചുവിടല്‍ ഭീഷണിയില്‍ ഭയന്നിരിക്കുന്നതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് പ്രസിഡന്റ് രാജന്‍ വധേര അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വിപണി കൂപ്പു കുത്തിയിരിക്കുകയാണെന്ന റിപ്പോര്‍ട്ട് രാജ്യത്തെ ബിസിനസ് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി അടക്കമുള്ള നികുതി വെട്ടിക്കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ശ്രമം ഊര്‍ജ്ജിതമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി അറിയിച്ചു.
മാത്രമല്ല രാജ്യത്തെ പെട്രോള്‍- ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം നിര്‍ത്തലാക്കില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ ഒട്ടുമിക്ക കാര്‍ നിര്‍മ്മാണ കമ്പനികളും തങ്ങളുടെ പ്രൊഡക്ഷന്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹന മേഖലയില്‍ ഉണര്‍വുണ്ടാകുന്നതിനായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കുറച്ച് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു.
സര്‍ക്കാര്‍ വകുപ്പുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുക എന്നത് മുതല്‍ വാഹന റജിസ്ട്രേഷന്‍ ഫീസ് നിരക്കില്‍ ഇളവ് വരുത്തുക എന്നതടക്കം ധനമന്ത്രി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളാണ്. മാത്രമല്ല വില്പന ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് വാഹന നിര്‍മ്മാതാക്കള്‍ക്ക് അനുവാദം നല്‍കാനും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു.