
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില കൂടും. പത്ത് മുതല്‍ മുപ്പത്തിയഞ്ച് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി സഭ തീരുമാനിച്ചു. അതേസമയം ബെവ്കോ മദ്യം വില്‍ക്കുന്ന അതേ നിരക്കില്‍ വേണം ബാറുകളിലും മദ്യ വില്‍പന നടത്താന്‍. ബാറുകളുടെ കൗണ്ടറുകളിലും ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കും.
മെയ് 17-ന് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യ വില്‍പന ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. മദ്യ വില വര്‍ദ്ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സ് ഉടന്‍ ഇറക്കും. ബിയറിനും വൈനിനും 10 ശതമാനം വില കൂട്ടും. ബാറുകളില്‍ നിന്ന് പാഴ്സല്‍ നല്‍കുവാനും, വെര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പാക്കാനും അനുമതിയായി.
വെയര്‍ഹൌസുകളില്‍ മദ്യം വില്‍ക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും. മറ്റു സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ മദ്യവില്‍നപനയ്ക്കുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചിരുന്നു. ഇതിനായുള്ള മൊബൈല്‍ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനെയാണ് ചുമതലപ്പെടുത്തിയത്.
ബാറുകള്‍ വഴി മദ്യം പാഴ്സലായി നല്‍കാന്‍ അനുമതി നല്‍കാന്‍ നേരത്തെ തന്നെ സര്‍ക്കാരില്‍ ധാരണയായിരുന്നു. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ മദ്യവില്‍പന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവില്‍പന തുടങ്ങും.