
രാജ്യത്ത് ബാങ്കുകള്‍ തകരുന്നതും പിന്നീട് മറ്റ് ബാങ്കുകളുമായി ലയിപ്പിക്കുന്നതും പുതുമയുള്ള കാര്യമല്ലാതായിരിക്കുന്നു. ഏറ്റവും ഒടുവില്‍ ലക്ഷ്മി വിലാസ് ബാങ്കിനാണ് ആര്‍ബിഐയുടെ പൂട്ടുവീണത്. നവംബര്‍ 17ന് വൈകുന്നേരം ആറുമുതല്‍ ഡിസംബര്‍ 16 വരെ നീളുന്ന മൊറട്ടോറിയമാണ് ലക്ഷ്മി വിലാസം ബാങ്കിന് ധനമന്ത്രാലയം ഏര്‍പ്പെടുത്തിയത്. ഇതോടെ 25,000ന് മുകളിലുള്ള പണമിടപാടുകള്‍ ആര്‍ബിഐയുടെ അനുമതിയോടെ മാത്രമെ നടക്കൂ.
കഴിഞ്ഞ മാര്‍ച്ചിലെ യെസ് ബാങ്ക് എപിസോഡിനുപിന്നാലെയാണ് മാസങ്ങള്‍ കഴിയും മുമ്പെ മറ്റൊരു സ്വകാര്യ ബാങ്കുകൂടി പ്രതിസന്ധിയിലാകുന്നത്. 1947നും 1969നുമിടയില്‍ 559 സ്വകാര്യ ബാങ്കുകളാണ് രാജ്യത്ത് തകര്‍ന്നത്. അതിനുശേഷം 36 സ്വകാര്യ ബാങ്കുകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തി. അവയില്‍ പലതും പിന്നീട് പ്രമുഖ പൊതുമേഖല ബാങ്കുകളുടെ ഭാഗമായി.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സുമായി ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കിന്റെ ലയനം നടന്നത് 2004ലിലാണ്. ലക്ഷ്മി വിലാസ് ബാങ്കിനുമുമ്പായി ഇരുപതുവര്‍ഷത്തിനിടെ 10 ബാങ്കുകളാണ് പ്രതിസന്ധിയിലായത്.
സിക്കിം ബാങ്ക് ലിമിറ്റഡ്: 1999ലാണ് റിസര്‍വ് ബാങ്ക് സിക്കിം ബാങ്കിനുമേല്‍ മാര്‍ച്ച് എട്ടുമുതല്‍ ജൂണ്‍ 5വരെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്.
ബറേലി കോര്‍പ്പറേഷന്‍ ബാങ്ക് ലിമിറ്റഡ്: അതേദിവസംതന്നെ ബറേലി കോര്‍പ്പറേഷന്‍ ബാങ്കിനുമേലും പിടിവീണു. ജൂണ്‍ അഞ്ചുവരെയാണ് ആദ്യം മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. പിന്നീട് 2000 മാര്‍ച്ച് മൂന്നുവരെ അതുനീട്ടി.
ബനാറസ് സ്റ്റേറ്റ് ബാങ്ക്: 2002 ജനുവരി 22നാണ് ബനാറസ് സ്റ്റേറ്റ് ബാങ്കിനുമേല്‍ മൊറട്ടോറിയം ചാര്‍ത്തിയത്. 2002 ഏപ്രില്‍ 21വരെ രണ്ടുമാസത്തേയ്ക്കായിരുന്നു ഇത്.
നെടുങ്ങാടി ബാങ്ക്: കേരളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന നെടുങ്ങാടി ബാങ്കിന് പൂട്ടുവീണത് 2002 നവംബര്‍ രണ്ടിനാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കുകൂടിയായിരുന്നു നെടുങ്ങാടി. 2003 ഫെബ്രുവരി ഒന്നുവരെ മൊറട്ടോറിയം ഏര്‍പ്പെടുത്തി.
സൗത്ത് ഗുജറാത്ത് ലോക്കല്‍ ഏരിയ ബാങ്ക് ലിമിറ്റഡ്: 2003 നവംബര്‍ 13ന് ആറുമാസത്തേയ്ക്കാണ് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. 2004 ഓഗസ്റ്റുവരെയായിരുന്നു ഇത്.
ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക്: സാമ്പത്തിക ഇപടപാടുകളുടെ തെറ്റായ വെളിപ്പെടുത്തലിനെതുടര്‍ന്നാണ് ഗ്ലോബല്‍ ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 2004 ജൂലായ് 24 മുതല്‍ 2004 ഒക്ടോബര്‍ 23വരെ മൂന്നുമാസമായിരുന്നു മോറട്ടോറിയം.
ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാദ്: 2006 ജനുവരി ഏഴുമുതല്‍ 2006 ഏപ്രില്‍ ആറുവരെ ആദ്യഘട്ടത്തിലും പിന്നീട് ഒക്ടോബര്‍ ആറുവരെയും മൊറട്ടോറിയം ഏര്‍പ്പെടുത്തി.
യുണൈറ്റഡ് വെസ്റ്റേണ്‍ ബാങ്ക് ലിമിറ്റഡ്: മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന് 2005 സെപ്റ്റംബര്‍ രണ്ടുമുതലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. 2006 ഡിസംബര്‍ ഒന്നുവരെ 10,000 രൂപമാത്രം പിന്‍വലിക്കാനാണ് അനുമതി നല്‍കിയത്.
പിഎംസി ബാങ്ക്: 2019 സെപ്റ്റംബര്‍ 23നായിരുന്നു പിഎംസി ബാങ്കിനുമേല്‍ താഴുവീണത്. മൊറട്ടോറിയം ഇപ്പോഴുംതുടരുകയാണ്. 2020 ഡിസംബര്‍ 20വരെയാണിത്.
യെസ് ബാങ്ക്: ലക്ഷ്മി വിലാസ് ബാങ്ക് പ്രതിസന്ധിക്കുതൊട്ടുമുമ്പാണ് യെസ് ബാങ്കിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. പിന്‍വലിക്കുന്നതുക 50,000 രൂപയായി പരിമിതപ്പെടുത്തി. പിന്നീട് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുത്തിയത്.