
സ്റ്റാര്‍ട്ടപ്പുകളുടെ നിലനില്‍പ്പിന് കടുത്ത ഭീഷണിയായി കോവിഡ് പ്രതിസന്ധി. 250 സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത് 70 ശതമാനം സ്റ്റാര്‍ട്ടപ്പുകളുടെയും ബിസിനസിനെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ്. 12 ശതമാനത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നു.
കോവിഡ് 19 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ എങ്ങനെ ബാധിച്ചു എന്ന വിഷയത്തിലാണ് ഫിക്കിയും ഏഞ്ചല്‍ നെറ്റ്വര്‍ക്കും സര്‍വേ നടത്തിയത്. ഇതില്‍ 22 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമേ അടുത്ത 3-6 മാസത്തെ ഫിക്സ്ഡ് ചെലവുകള്‍ നടന്നുപോകുന്നതിനുള്ള കരുതല്‍ധനം ഉള്ളു. ''70 ശതമാനം സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസിനെ കോവിഡ് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. 12 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 60 ശതമാനം പേര്‍ തടസങ്ങളോടെ പ്രവര്‍ത്തിക്കുന്നു.'' ഫിക്കി പറയുന്നു.
ഈ പ്രതിസന്ധി മറികടക്കാനായി 68 ശതമാനം പേര്‍ തങ്ങളുടെ ഓപ്പറേഷണല്‍, അഡ്മിനിസ്ട്രേറ്റീവ് ചെലവുകള്‍ കാര്യമായി വെട്ടിച്ചുരുക്കുകയാണ്. ലോക്ഡൗണ്‍ ഇനിയും നീണ്ടാല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് 30 ശതമാനം കമ്പനികള്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടു. 43 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ തന്നെ ജീവനക്കാരുടെ 20-40 ശതമാനം വേതനം ഏപ്രില്‍-ജൂണ്‍ മാസക്കാലം വെട്ടിക്കുറച്ചു.
നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപകതീരുമാനങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണെന്ന് 33 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ സര്‍വേയില്‍ പറഞ്ഞു. 10 ശതമാനം ഡീലുകള്‍ റദ്ദാക്കി. കോവിഡിന് മുമ്പ് കരാര്‍ ഒപ്പിട്ട ഫണ്ടുകള്‍ എട്ട് ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമേ ലഭിച്ചുള്ളു. ഇത്തരത്തില്‍ ഫണ്ട് ലഭിക്കാതെ വന്നത് സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് ഡെവലപ്മെന്റ് പദ്ധതികള്‍ നിര്‍ത്തിവെക്കാനും അതുവഴി പ്രോജക്റ്റുകള്‍ നഷ്ടപ്പെടാനും ഇടയാക്കി. ഈ സാഹചര്യത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാരിന്റെ അടിയന്തര സഹായം വേണമെന്ന് ഫിക്കി ആവശ്യപ്പെട്ടു.
250 സ്റ്റാര്‍ട്ടപ്പുകള്‍ കൂടാതെ 61 ഇന്‍കുബേറ്ററുകളും നിക്ഷേപകരും സര്‍വേയില്‍ പങ്കെടുത്തു. ഇതില്‍ 96 ശതമാനം നിക്ഷേപകരും സ്റ്റാര്‍ട്ടപ്പുകളിലുള്ള നിക്ഷേപത്തെ കോവിഡ് പ്രതിസന്ധി ബാധിച്ചെന്ന് പറഞ്ഞു. 59 ശതമാനം നിക്ഷേപകരും തങ്ങളുടെ നിലവിലുള്ള പോര്‍ട്ട്ഫോളിയോ കമ്പനികളുമായി മാത്രം മുന്നോട്ടുപോകുമെന്ന് സര്‍വേയില്‍ അഭിപ്രായപ്പെട്ടു. 41 ശതമാനം പേര്‍ പുതിയ ഡീലുകള്‍ പരിഗണിക്കും. 35 ശതമാനം നിക്ഷേപകര്‍ ഹെല്‍ത്ത്കെയര്‍, എഡ്ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ഡീപ് ടെക്, ഫിന്‍ടെക്, അഗ്രി തുടങ്ങിയ മേഖലകളില്‍ നിക്ഷേപത്തിന് തയാറാണെന്ന് പറഞ്ഞു.