
ലണ്ടന്‍: ലോകത്തേറ്റവും പഴക്കംചെന്ന ട്രാവല്‍ ഗ്രൂപ്പായ തോമസ് കുക്ക് തകര്‍ന്നടിഞ്ഞതോടെ, പെരുവഴിയിലായത് വിനോദഞ്ചാരത്തിനുപോയ ഒന്നരലക്ഷത്തിലേറെ ആളുകളാണ്. വിദേശരാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍നിന്ന് മടങ്ങാന്‍ മാര്‍ഗമില്ലാതെ ഉഴലുകയാണവര്‍. ഹോട്ടല്‍ ബില്ലടയ്ക്കാന്‍ പോലും പറ്റാതെ കുടുങ്ങിക്കിടക്കുന്ന ഇവരെ തിരിച്ചുകൊണ്ടുവരാന്‍ ബ്രിട്ടന്‍ ശ്രമം തുടങ്ങി. സമാധാന കാലത്ത് നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണിതെന്ന് ബ്രിട്ടീഷ് അധികൃതര്‍ പറഞ്ഞു.
തോമസ് കുക്കുവഴി ബുക്ക് ചെയ്ത് വിനോദ സഞ്ചാരത്തിനുപോയ 1,65,000-ഓളം സഞ്ചാരികളാണ് വിദേശത്ത് കുടുങ്ങിയിട്ടുള്ളതെന്ന് ബ്രിട്ടീഷ് അധികൃതര്‍ കണക്കാക്കുന്നു. ഇവരെ തിരിച്ച് ബ്രിട്ടനിലെത്തുന്നതിന് 40 ജമ്പോജെറ്റുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് കരുതുന്നത്. മുഴുവന്‍ വിനോദസഞ്ചാരികളെയും തിരികെ ബ്രിട്ടനിലെത്തിക്കുന്നതുവരെ പ്രതിസന്ധി തുടരുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.
178 വര്‍ഷം പഴക്കമുള്ള ട്രാവല്‍ കമ്പനിയെ രക്ഷിക്കുന്നതിന് 200 ദശലക്ഷം പൗണ്ടിന്റെ സഹായം നല്‍കണമെന്ന് കമ്പനി അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് നിരസിക്കപ്പെട്ടതോടെയാണ് കമ്പനി തകര്‍ന്നടിഞ്ഞത്. ബ്രിട്ടനില്‍ മാത്രം 9,000 പേരുടെ തൊഴിലാണ് ഇതോടെ ഭീഷണിയിലായത്. കമ്പനിവഴി ബുക്ക് ചെയ്ത് വിനോദ സഞ്ചാരത്തിന് പോയ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയതോടെ, പ്രതിസന്ധി മൂര്‍ച്ഛിച്ചു. ഇതിനിടെയാണ് അവരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങിയത്.
തകര്‍ച്ച പൂര്‍ണമായെങ്കിലും ഇപ്പോഴും തോമസ് കുക്ക് ട്രാവല്‍ പാക്കേജുകള്‍ നല്‍കുന്നുണ്ട്. ഇത് വലിയതോതില്‍ വിമര്‍ശനത്തിനും അടയായിട്ടുണ്ട്. കഴിഞ്ഞദിവസം കമ്പനിയിലേക്ക് 270 ഒഴിവുകളിലേക്ക് നിയമനത്തിന് പരസ്യവും നല്‍കിയിരുന്നു. ജീവന്‍പോലും അപകടത്തിലായ അവസ്ഥയിലാണ് വിനോദസഞ്ചാരികളില്‍ പലരുമെന്നാണ് അവര്‍ പറയുന്നത്. ടുണീഷ്യയില്‍ വിനോദസഞ്ചാരത്തിനുപോയ കുടുംബം, തോമസ് കുക്ക് പണം നല്‍കുമോയെന്ന സംശയത്തെത്തുടര്‍ന്ന് അവര്‍ ഹോസ്റ്റലില്‍ തടവിലാക്കപ്പെട്ട അവസ്ഥയിലാണെന്ന് സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ വിദേശത്തുള്ള വിനോദസഞ്ചാരികള്‍ക്കുപുറമെ, വരുംദിനങ്ങളില്‍ അവധിയാഘോഷിക്കുന്നതിന് തോമസ് കുക്ക് വഴി ബുക്ക് ചെയ്തിരുന്ന ആയിരങ്ങളും അനിശ്ചിതത്വത്തിലായി. പലരും പണം തിരിച്ചുകിട്ടുമോ എന്ന അന്വേഷണവുമായി കമ്പനിയെ സമീപിക്കുന്നുണ്ട്. വിദേശത്ത് കുടുങ്ങിയ സഞ്ചാരികളില്‍ ഒരാള്‍പോലും ആശങ്കയിലാകേണ്ട കാര്യമില്ലെന്നും എല്ലാവരെയും സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി ഡൊമനിക് റാബ് പറഞ്ഞു.
ഇതിനായി ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തെയും ചുമതലപ്പെടുത്തിയിരുന്നു. രണ്ട് മന്ത്രാലയങ്ങളും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് രണ്ടാഴ്ച കൊണ്ട് 40 ജെറ്റ് വിമാനങ്ങളുപയോഗിച്ച് യാത്രക്കാരെ തിരികെയെത്തിക്കാമെന്ന നിര്‍ദേശമുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് മൊണാര്‍ക്ക് എയര്‍ലൈന്‍സ് തകര്‍ന്നടിഞ്ഞപ്പോള്‍, ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളങ്ങളില്‍ കുടുങ്ങിയ 84,000-ത്തോളം ബ്രിട്ടീഷ് യാത്രക്കാരെ തിരികെക്കൊണ്ടുവരാനും സമാനമായ ശ്രമം നടത്തിയിരുന്നു. അതിനേക്കാള്‍ വലിയ പദ്ധതികളാണ് ഇപ്പോള്‍ ആവശ്യമായി വന്നിരിക്കുന്നത്.