
മുംബൈ: സാമ്പദ്‌വ്യവസ്ഥയില്‍ ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം മടങ്ങിവരുന്നുണ്ടെങ്കിലും കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗ പ്രതിസന്ധി തുടരുകയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിരീക്ഷിച്ചു. രണ്ടാമത്തെ തരംഗം അടിസ്ഥാനപരമായി ആഭ്യന്തര ആവശ്യകതയെ ബാധിച്ചുവെന്ന് കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു. 2021 ജൂണിലെ പ്രതിമാസ ബുള്ളറ്റിനിലാണ് റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് പരാമര്‍ശമുളളത്.
സമ്പദ് വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കുന്ന ബുള്ളറ്റിനില്‍, രണ്ടാം തരംഗം ആഭ്യന്തര ഡിമാന്‍ഡിനെ ബാധിച്ചതായി കേന്ദ്ര ബാങ്ക് പറയുന്നു. കാര്‍ഷികവും സമ്പര്‍ക്കരഹിത സേവനങ്ങളും ഇക്കാലയളവില്‍ നേട്ടമുണ്ടാക്കി. പാന്‍ഡെമിക് പ്രോട്ടോക്കോളുകള്‍ക്കിടയിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വ്യാവസായിക ഉല്‍പാദനവും കയറ്റുമതിയും ഉയര്‍ന്നതായും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മുന്നോട്ട് പോകുമ്പോള്‍, വാക്‌സിനേഷന്‍ പരിപാടിയുടെ വേഗത കൂടുന്നത് ധനകാര്യ വീണ്ടെടുക്കലിന്റെ പാതയെ രൂപപ്പെടുത്തും. പകര്‍ച്ചവ്യാധി പ്രതിസന്ധികളില്‍ നിന്ന് പുറത്തുകടക്കാനുളള കഴിവ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുളളതായും റിപ്പോര്‍ട്ട് പറയുന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയില്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകളില്‍ നിന്ന് വിപുലമായ സാമ്പത്തിക പ്രതികരണം ആവശ്യമാണെന്ന് ഇന്ത്യയിലെ ധന ചട്ടക്കൂടിനെയും ചെലവിന്റെ ഗുണനിലവാരത്തെയും കുറിച്ചുളള റിസര്‍വ് ബാങ്ക് പഠനത്തില്‍ അഭിപ്രായപ്പെടുന്നു.