
ഡല്‍ഹി: സ്റ്റാര്‍ട്ടപ്പ് ചാലഞ്ചുമായി നവ-പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം. സുസ്ഥിര ഊര്‍ജ്ജ ഉത്പാദന മേഖലയില്‍ ഇപ്പോള്‍ നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നവര്‍ക്ക് 2.1 മില്യണ്‍ രൂപയുടെ സമ്മാന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാമത് ഏഴ് ലക്ഷം രൂപയും മൂന്നാമത് അഞ്ചു ലക്ഷം രൂപയുമാണ് സമ്മാനം ലഭിക്കുക. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ക്ക് ചാലഞ്ചുമായി ബന്ധപ്പെട്ട കൃത്യമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ അവസരമുണ്ട്.
ഉപജീവന മാര്‍ഗം, പവര്‍ സിസ്റ്റം ആന്‍ഡ് ഡിസൈന്‍, സൗരോര്‍ജ്ജം, മറ്റ് ഊര്‍ജ്ജ നിര്‍മ്മാണ രീതി, ചെറുകിട ഊര്‍ജ്ജ ഉത്പാദന യൂണിറ്റുകള്‍, ബയോമാസ് ആന്‍ഡ് വേസ്റ്റ് എനര്‍ജി സപ്ലൈ ചെയിന്‍, മൊബിലിറ്റി ആന്‍ഡ് എനര്‍ജി സ്റ്റോറേജ് എന്നീ മേഖലകളില്‍ നിലവില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം തേടുന്നത്. സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഇത് ആദ്യമല്ല കേന്ദ്ര സര്‍ക്കാര്‍ പരിഹാരത്തിനായി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പോര്‍ട്ടലിലൂടെ വിവിധ മന്ത്രാലയങ്ങള്‍ നിരത്തുന്ന ചലഞ്ചുകള്‍ വഴി നിങ്ങളുടെ ഐഡിയകള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ടെക്ക് ഭീമനായ വാട്‌സാപ്പും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഇന്‍വെസ്റ്റ് ഇന്ത്യയും അടക്കമുള്ളവരാണ് ഇന്ത്യന്‍ എന്‍ട്രപ്യൂണറല്‍ ഇക്കോ സിസ്റ്റത്തില്‍ പാര്‍ട്ട്ണറുമാരാകുന്നത്.