ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 23,123 കോടി രൂപ

July 10, 2021 |
|
News

                  ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 23,123 കോടി രൂപ

ന്യൂഡല്‍ഹി: ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 23,123 കോടി രൂപയുടെ പദ്ധതിക്ക് പുനഃസംഘടനയ്ക്കു ശേഷമുള്ള ആദ്യ കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നല്‍കി. 2022 മാര്‍ച്ച് വരെ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തര ആരോഗ്യ തയാറെടുപ്പുകള്‍ക്കുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ഇത് അനുവദിച്ചിരിക്കുന്നത്. നേരത്തേ 15,000 കോടി രൂപ കോവിഡ് ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമായി നീക്കിവച്ചിരുന്നു. ഇപ്പോഴത്തെ പദ്ധതി പ്രകാരം കേന്ദ്രം 15,000 കോടി രൂപയും സംസ്ഥാനങ്ങള്‍ 8,000 കോടി രൂപയും മുടക്കും. 

രാജ്യത്തെ 736 ജില്ലകളിലും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇതുപയോഗിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും പ്രാമുഖ്യം നല്‍കും. 2.4 ലക്ഷം കിടക്കകളും 20,000 ഐസിയു കിടക്കകളും അധികമായി തയാറാക്കും. ഇതില്‍ 20% കുട്ടികള്‍ക്കു നീക്കിവയ്ക്കും. ജില്ലാതലത്തില്‍ ഓക്‌സിജന്‍, മരുന്നു ശേഖരണത്തിനുള്ള സംവിധാനങ്ങളും പദ്ധതിക്കു കീഴില്‍ വരും. 

കാര്‍ഷികോല്‍പന്ന വിപണന പദ്ധതികള്‍ക്കായി നല്‍കുന്ന അടിസ്ഥാന സൗകര്യവികസന ഫണ്ടിന്റെ ആനുകൂല്യങ്ങള്‍ സംസ്ഥാന ഏജന്‍സികള്‍, ദേശീയ, സംസ്ഥാന സഹകരണ ഫെഡറേഷനുകള്‍, കര്‍ഷകരുടെ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവയ്ക്കും നല്‍കാനുള്ള ഭേദഗതിയും മന്ത്രിസഭ അംഗീകരിച്ചു. അശ്വിനി കുമാര്‍ വൈഷ്ണവ്, അനുരാഗ് ഠാക്കൂര്‍, മന്‍സുഖ് മാണ്ഡവ്യ എന്നീ മന്ത്രിമാരും വകുപ്പുകള്‍ ഏറ്റെടുത്തു. രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള സഹമന്ത്രിമാരും ചുമതലയേറ്റു.

Related Articles

© 2025 Financial Views. All Rights Reserved