
ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം പ്രകടമായ 2018 മുതല്‍ ഇതുവരെ രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് 2,38,223 കമ്പനികള്‍. കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വര്‍ഷത്തെ ആദ്യ ആറുമാസം മാത്രം 13,000ഓളം കമ്പനികളുടെ പ്രവര്‍ത്തനം നിലച്ചു. ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയുടെ മേശപ്പുറത്തുവെച്ച വിവരങ്ങളിലാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ കണക്കുള്ളത്. പൊതുകടം 10 ശതമാനം കൂടി.
സാമ്പത്തിക മാന്ദ്യത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കുള്‍പ്പെടെ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ ഉപയോഗപ്പെടുത്താന്‍ പോലും ഈ കമ്പനികള്‍ക്കായില്ല. യഥാസമയം രേഖകള്‍ സമര്‍പ്പിക്കാത്ത കമ്പനികള്‍ക്ക് അവ ഫീസില്ലാതെ വൈകി സമര്‍പ്പിക്കാനും പുതിയ തുടക്കത്തിനും സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. 4,73,131 ഇന്ത്യന്‍ കമ്പനികളും 1065 വിദേശ കമ്പനികളുമാണ് പുതിയ തുടക്കത്തിന് അപേക്ഷ നല്‍കിയത്.
പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ 2021ല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകളില്‍ നിന്നൊഴിവാക്കിയ കമ്പനികളുടെ എണ്ണം 12,889 ആണ്. 651 കമ്പനികള്‍ 2018 മുതല്‍ കഴിഞ്ഞ മാസം വരെ ലയിപ്പിക്കുകയോ ഏറ്റെടുക്കുകയോ ചെയ്തു. 5034 കമ്പനികള്‍ ഉത്തരേന്ത്യയില്‍ മാത്രം രേഖകളില്‍ നിന്നൊഴിവാക്കപ്പെട്ടു. അതേസമയം ലയിപ്പിക്കുകയോ കോടതി നിര്‍ദേശപ്രകാരം ഏറ്റെടുക്കുകയോ ചെയ്തത് 87 കമ്പനികളും.