ഡണ്‍സോയില്‍ 240 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് റിലയന്‍സ് റീടെയ്ല്‍; ഓഹരി കുതിച്ചുയര്‍ന്നു

January 07, 2022 |
|
News

                  ഡണ്‍സോയില്‍ 240 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് റിലയന്‍സ് റീടെയ്ല്‍;  ഓഹരി കുതിച്ചുയര്‍ന്നു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീടെയ്ല്‍ ബെംഗളൂരു ആസ്ഥാനമായ ഡണ്‍സോയില്‍ 240 മില്യണ്‍ ഡോളര്‍ (ഏകദേശം 1,488 കോടി രൂപ) നിക്ഷേപിച്ചു. ഈ നിക്ഷേപത്തോടെ, റിലയന്‍സ് റീട്ടെയിലിന് ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമായ ഡണ്‍സോയില്‍ 25.8 ശതമാനം ഓഹരികള്‍ സ്വന്തമാകും.

റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ ഈ നിക്ഷേപത്തില്‍ ലൈറ്റ്ബോക്സ്, ലിഗ്ത്രോക്ക്, 3 എല്‍ ക്യാപിറ്റല്‍, ആള്‍ട്ടീരിയ ക്യാപിറ്റല്‍ എന്നിവയും പങ്കെടുത്തു. ഡണ്‍സോയും റിലയന്‍സ് റീട്ടെയിലും ചില ബിസിനസ് കരാറുകളില്‍ കൂടി ഏര്‍പ്പെടും. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ റീട്ടെയില്‍ സ്റ്റോറുകള്‍ക്കായി ഡണ്‍സോ ഹൈപ്പര്‍ലോക്കല്‍ ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനക്ഷമമാക്കും. ജിയോമാര്‍ട്ടിന്റെ മര്‍ച്ചന്റ് നെറ്റ്വര്‍ക്കിനായുള്ള അവസാന ഡെലിവറി സംവിധാനങ്ങള്‍ സുഗമമാക്കാനും ഡണ്‍സോ ഇടപെടും.

ഡണ്‍സോയുടെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ഈ നിക്ഷേപം ഉപയോഗിക്കും. രാജ്യത്തുടനീളം നഗരങ്ങളില്‍ പ്രാദേശിക വ്യാപാരികള്‍ക്ക് ലോജിസ്റ്റിക്‌സ് പ്രാപ്തമാക്കുന്നതിന് മൈക്രോ വെയര്‍ഹൗസുകളുടെ ഒരു ശൃംഖല സൃഷ്ടിക്കാനും അവിടെ നിന്ന് ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ വിതരണം ചെയ്യാനും ഡണ്‍സോ ശ്രമിക്കും. ബി 2 ബി ബിസിനസ്സ് വികസിപ്പിക്കാനും ഇതിലൂടെ ഡണ്‍സോയ്ക്ക് സാധിക്കും.

ഇന്ത്യയില്‍ 50 ബില്യണ്‍ ഡോളറിലധികം വിപണി വലിപ്പമുള്ള ക്വിക്ക് കൊമേഴ്സ് വിഭാഗത്തിലെ മുന്‍നിരക്കാരാണ് ഡണ്‍സോ. ഇന്ത്യയിലെ ഏഴ് മെട്രോ നഗരങ്ങളില്‍ ഡണ്‍സോ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അധിക മൂലധനം ഉപയോഗിച്ച് 15 നഗരങ്ങളിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കാന്‍ ഉപയോഗിക്കും. ഈ വര്‍ഷം ആദ്യം ബെംഗളൂരുവില്‍ ഡണ്‍സോ അതിന്റെ ഇന്‍സ്റ്റന്റ് ഡെലിവറി മോഡലായ 'ഡന്‍സോ ഡെയ്ലി' അവതരിപ്പിച്ചിരുന്നു. ഡണ്‍സോ ഡെയ്ലി മോഡല്‍ വഴി 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ അവശ്യവസ്തുക്കള്‍ ഡെലിവര്‍ ചെയ്യുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള പഴങ്ങളും പച്ചക്കറികളുടെയും ഡെലിവറിയാണ് ഡണ്‍സോയ്ക്ക് സ്വീകാര്യത വര്‍ധിപ്പിക്കുന്നത്.

ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വിപണിയില്‍ വന്‍ നേട്ടം കൊയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഓഹരി ബിഎസ്ഇയില്‍ 2,416 രൂപയില്‍ നിന്ന് 1.69 ശതമാനം ഉയര്‍ന്ന് 2,457 രൂപയിലെത്തി.

Related Articles

© 2025 Financial Views. All Rights Reserved