
ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങളില്‍ ഇരകളാവുന്നവരിലേറെയും ഇരുചക്ര വാഹന യാത്രികരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ 20 നഗരങ്ങളിലെ 54 ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ വിവരം അടിസ്ഥാനമാക്കി തയ്യാറാക്കിയ സര്‍വേയില്‍, റോഡപകടങ്ങളില്‍ ഇരകളാവുന്നവരില്‍ 34 ശതമാനം പേര്‍ക്കും സ്വന്തമായി ഒരു രൂപ പോലും വരുമാനമില്ലാത്തവരാണെന്നും കണ്ടെത്തി. സര്‍വേ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.
ഇതിന് പുറമെ 28 ശതമാനം പേര്‍ക്ക് 10000 രൂപ മുതല്‍ 20000 രൂപ വരെയാണ് വരുമാനം. റോഡപകടങ്ങളുടെ സാമ്പത്തിക സാമൂഹിക ആഘാതത്തെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് വിവര ശേഖരണം നടത്തിയത്. അപകടത്തില്‍ പരിക്കേറ്റ വെറും മൂന്ന് ശതമാനം പേര്‍ക്ക് മാത്രമാണ് 50000 രൂപയിലേറെ മാസവരുമാനമുള്ളത്.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 59 ശതമാനം പേരും ഇരുചക്രവാഹനത്തിലെ യാത്രക്കാരായിരുന്നു. 15.5 ശതമാനം പേര്‍ കാല്‍നട യാത്രികരായിരുന്നു. 31 സര്‍ക്കാര്‍ ആശുപത്രികളിലും 21 സ്വകാര്യ ആശുപത്രികളിലുമാണ് പരിശോധന നടത്തിയത്. 6600 സാമ്പിളുകള്‍ ശേഖരിച്ചു. ഇതിന്റെ ഭാഗമായി 14 നഗരങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി 6400 എഫ്‌ഐആറുകളും ശേഖരിച്ചിരുന്നു. പൊലീസ് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് 40 ശതമാനം ഇരകളും ഇരുചക്ര വാഹന യാത്രികരാണ്. ഇതില്‍ 67 ശതമാനം ഇരകളും 18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവരായിരുന്നു.