
ന്യൂഡല്‍ഹി: കോവിഡ് ഭീതിക്കെതിരെ രാജ്യം ലോക്ക്ഡൗണിലാണ്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. എന്നാല്‍ 40 ദിവസം പിന്നിട്ടുകഴിഞ്ഞ ഈ ലോക്ക്ഡൗണ്‍ കാലം ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ച നഷ്ടം എത്രയാണ് കണക്ക് കൂട്ടുകയാണ് ഐഎന്‍സി42യുടെ ഡാറ്റലാബ് പ്രസിദ്ധീകരിച്ച 'കോവിഡ് -19 സ്റ്റാര്‍ട്ടപ്പ് ഇംപാക്റ്റ് റിപ്പോര്‍ട്ട് - ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഭീഷണികളും അവസരങ്ങളും' എന്ന റിപ്പോര്‍ട്ടില്‍.
40 ദിവസത്തെ ലോക്ഡൗണ്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. 40 ദിവസത്തെ ലോക്ക്ഡൗണിനുശേഷം പ്രതിദിന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) നഷ്ടത്തിന്റെ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഏകദേശം 24.25 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ പ്രതിദിന ജിഡിപി ഏകദേശം 800 കോടി ഡോളറാണ്.
യാത്രാസേവനങ്ങള്‍ പ്രദാനം ചെയുന്ന മേഖലയിലാണ് വലിയ പ്രശ്‌നം നേരിടുക. ഈ രംഗത്തെ വമ്പന്മാരായ ഒയോ, ഒല, മെയ്ക്ക് മൈ ട്രിപ്പ് എന്നിവയില്‍ വലിയതോതില്‍ വരുമാനം കുറയുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന വരുമാന ദാതാക്കളായ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മേഖലയ്ക്ക് വലിയ ഉത്പാദനകുറവും തൊഴില്‍ നഷ്ടവും ഉണ്ടാകും.
കോവിഡ് -19 മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വരുമാനം കൂടുതല്‍ കുറച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചില മേഖലകളെ സംബന്ധിച്ചിടത്തോളം ലോക്ക്ഡൗണ്‍ കാര്യമായി ബാധിച്ചുവെങ്കിലും ചില മേഖലകളില്‍ വന്‍ മുന്നേറ്റവും കാണാന്‍ കഴിഞ്ഞു. ഹൈപ്പര്‍ലോക്കല്‍ ഡെലിവറികള്‍, മീഡിയ, വീഡിയോ കോണ്‍ഫറന്‍സിങ്, മറ്റ് എന്റര്‍പ്രൈസ് ടെക് ആപ്ലിക്കേഷനുകള്‍ തുടങ്ങിയ സേവനങ്ങളുടെ ഡിമാന്‍ഡ് പെട്ടെന്നുണ്ടാകുന്നത് വരും സാമ്പത്തിക വര്‍ഷങ്ങളില്‍ ചില ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വരുമാന സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.