
കോവിഡ് -19 മഹാമാരിയുടെ വ്യാപനം മൂലം 41 ലക്ഷം യുവാക്കള്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായി. നിര്‍മാണ, കാര്‍ഷിക മേഖലയിലാണ് തൊഴില്‍ നഷ്ടത്തില്‍ ഭൂരിഭാഗവും എന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു.ആറ് മാസം മുമ്പത്തേതിനേക്കാള്‍ ജോലികള്‍ക്കായുള്ള മത്സരം ഇരട്ടിയായതായുള്ള നിരീക്ഷണവുമായി ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ടും പുറത്തുവന്നു.
തൊഴില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി ബാധിച്ചത് 25 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവരേക്കാള്‍ 15-24 പ്രായത്തിലുള്ള യുവാക്കളെയാണ്. ഈ സമയത്ത് മൂന്നില്‍ രണ്ട് ഭാഗം അപ്രന്റീസ്ഷിപ്പുകളും നാലില്‍ മൂന്നു ഭാഗം ഇന്റേണ്‍ഷിപ്പുകളും പൂര്‍ണ്ണമായും തടസ്സപ്പെട്ടുവെന്ന് ഐഎല്‍ഒ, എഡിബി റിപ്പോര്‍ട്ടിലുണ്ട്. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസവും പരിശീലനവും കൃത്യമായി നിലനിര്‍ത്തുന്നതിനും വിപുലമായ അടിയന്തിര നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
സിഎംഐഇയുടെ തൊഴിലില്ലായ്മ ഡാറ്റ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രില്‍ മാസത്തില്‍ 24 ശതമാനമായിരുന്നു. ഇത് ജൂലൈയില്‍ 8 ശതമാനത്തില്‍ താഴെയായി. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജര്‍മാര്‍, സെയില്‍സ് മാനേജര്‍മാര്‍, ബിസിനസ് അനലിസ്റ്റുകള്‍, കണ്ടന്റ് എഴുത്തുകാര്‍ എന്നിവര്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളതെന്നും ലിങ്ക്ഡ്ഇന്‍ ഡാറ്റ വ്യക്തമാക്കുന്നു.
അതേസമയം, തൊഴില്‍ വിപണി കോവിഡ് പൂര്‍വ നിലയിലേക്ക് കുതിക്കുന്നതിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നാണ് പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് കമ്പനിയായ ലിങ്ക്ഡ്ഇന്‍ വ്യക്തമാക്കുന്നത്. ലിങ്ക്ഡ്ഇനില്‍ പോസ്റ്റുചെയ്ത ഓരോ ജോലിയുടെയും ശരാശരി അപേക്ഷകളുടെ എണ്ണം ജനുവരിയില്‍ 90-ല്‍ നിന്ന് ജൂണില്‍ 180 ആയി വര്‍ധിച്ചു. മാര്‍ച്ച് അവസാനത്തോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ തകര്‍ന്ന തൊഴില്‍ വിപണിയിലെ നിരാശയാണ് ഈ ഡാറ്റ തുറന്നുകാട്ടുന്നത്.കോവിഡ് 19 പ്രതിസന്ധി വ്യവസായങ്ങളെ സാരമായി ബാധിച്ചത് ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുന്നതുപോലുള്ള നടപടികളിലേക്ക് വഴിവെച്ചു.പല കമ്പനികളും ജീവനക്കാരെ തിരിച്ചെടുക്കുന്നതിനിടെ ചെലവ് ഘടന നിലനിര്‍ത്തുന്നതിന് ശമ്പളം വെട്ടിക്കുറച്ചു.
2020 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കാലയളവില്‍ ലിങ്ക്ഡ്ഇന്‍ വഴിയുള്ള നിയമനം 35 ശതമാനം പോയിന്റ് വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. നേരത്തെയുള്ള ഇടിവിന്റെ തീവ്രത കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ധന പ്രോത്സാഹജനകമാണ്.നിലവില്‍ ഇന്ത്യയില്‍ 69 ദശലക്ഷത്തിലധികം ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളുണ്ട്. 50 ദശലക്ഷത്തിലധികം കമ്പനികള്‍ ആഗോളതലത്തില്‍ സൈറ്റ് വൈറ്റ് കോളര്‍ നിയമനത്തിന് ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നു.