
മുംബൈ: രാജ്യത്തെ ഊര്‍ജ ഉല്‍പാദനം വര്‍ധിപ്പിക്കുകയും അതു വഴി വ്യാവസായിക വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുകയും ചെയ്താല്‍ മാത്രമേ 2024-25 ഓടെ അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഉയരാന്‍ ഇന്ത്യയ്ക്ക് സാധിക്കൂവെന്ന് ഊര്‍ജ്ജ ഉല്‍പാദന കമ്പനിയായ ലാര്‍സെന്‍ ആന്‍ഡ് ട്യൂബ്രോ സിഇഒ ഷൈലേന്ദ്ര റോയ് അഭിപ്രായപ്പെട്ടു. മാത്രമല്ല നിക്ഷേപ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ കാര്യമായ ചലനം ഉണ്ടാക്കാത്തതിനാല്‍ തന്നെ സര്‍ക്കാര്‍ അതിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019-20തോടെ മൂന്ന് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. മാത്രമല്ല 2024-25ഓടെ അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതായത് വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കകം എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ചു വര്‍ഷത്തെ താഴ്ന്ന നിരക്കായ 6.8 ശതമാനത്തിലേക്ക് അത് എത്തിയിരുന്നു.
രണ്ടാം തവണയും അധികാരത്തിലേറിയതിന് പിന്നാലെയാണ് ഇന്ത്യന്‍ സമ്പത് വ്യവസ്ഥ ഉയര്‍ച്ചയിലേക്ക് തന്നെ കുതിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. ഈ വേളയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന് പിന്തുണയേകും വിധമുള്ള അഭിപ്രായവുമായി നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ രംഗത്തെത്തിയിരുന്നു 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ രാജ്യം എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടത്. മാത്രമല്ല ജിഎസ്ടി അടക്കം സാമ്പത്തിക രംഗത്ത് കൊണ്ടു വന്ന പരിഷ്‌കരണങ്ങള്‍ ഇതിന് ബലമേകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയില്‍ നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സമ്പത് വ്യവസ്ഥയെ അഞ്ചു ട്രില്യണ്‍ യുഎസ് ഡോളറിലെത്തിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരക്ക് സേവന നികുതി, പാപ്പരത്ത കോഡ് തുടങ്ങിയ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ പാസാക്കിയതോടെയാണ് സമ്പദ് വ്യവസ്ഥ ഊര്‍ജ്ജിതമാകുന്നതിന് അടിത്തറ പാകിയത്. ഇത് കൃത്യമായി നടപ്പിലാക്കിയെടുക്കാന്‍ സമയമെടുത്തെങ്കിലും ഇനി അവ ആനുകൂല്യങ്ങള്‍ നല്‍കിത്തുടങ്ങുമെന്നും കുമാര്‍ വ്യക്തമാക്കി.
ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റില്‍ പറഞ്ഞ വാക്കുകളും ഈ വേളയില്‍ ശ്രദ്ധേയമാകുകയാണ്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യ 1.85 ട്രില്യണ് ഡോളര്‍ സമ്പദ് വ്യവസ്ഥയായിരുന്നു. ഇപ്പോള്‍ അത് 2.7 ട്രില്യണ്‍ ഡോളറില്‍ എത്തി.