
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി ഇലക്ട്രിക് കാറുകള്‍. കാര്‍ബണ്‍ രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് കാറുകള്‍ കൈമാറുന്നത്. ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 7ന് വൈകുന്നേരം 3 മണിക്ക് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
ആദ്യഘട്ടത്തില്‍ അനെര്‍ട്ട് വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന 50 വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ചടങ്ങാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നെക്‌സോണ്‍ ഇവി, ഹുണ്ടായ് കൊന, ടാറ്റ ടിഗോര്‍ എന്നീ കാറുകളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുന്നത്. ടിഗോറിന് 22,950 രൂപയും, നെക്‌സോണ്‍ 27,540 രൂപയും, ഹുണ്ടായ് കൊന 42840 രൂപയുമാണ് മാസ വാടക.
ഇതോടൊപ്പം പൊതു കെട്ടിടങ്ങളില്‍ സൗരവൈദ്യുതീകരണം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ ജില്ലയിലെ പിണറായി, ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം ,ആലപ്പുഴ ജില്ലയിലെ ആര്യാട്, കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും . വൈദ്യുത മന്ത്രി എംഎം മണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും.
വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകളുടെ സംസ്ഥാന തല പ്രഖ്യാപനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. തിരുവനന്തപുരത്തെ അനെര്‍ട്ട് ഹെഡ്ക്വാട്ടേഴ്‌സില്‍ സ്ഥാപിച്ചിരിക്കുന്ന കേരളത്തിലെ ആദ്യ സോളാര്‍ വൈദ്യുത ചാര്‍ജിങ് സ്റ്റേഷനില്‍ വൈദ്യുത വാഹനത്തിന്റെ ചാര്‍ജിങ് മന്ത്രി നിര്‍വഹിക്കും.
ഊര്‍ജവകുപ്പ് സെക്രട്ടറി ദിനേശ് അറോറ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ ഐ എ എസ് നന്ദി അറിയിക്കും. തൈക്കാട് ഗവ. ഗസ്റ്റ്ഹൗസില്‍ അനെര്‍ട്ട് സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം വി എസ് ശിവകുമാര്‍ എം എല്‍ എ യും ശംഖുമുഖത്തെ ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറും നിര്‍വഹിക്കും. എറണാകുളം മറൈന്‍ ഡ്രൈവില്‍ സ്ഥാപിച്ചിരിക്കുന്ന ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം കൊച്ചി മേയര്‍ സൗമിനി ജയിന്‍ ഉദ്ഘാടനം ചെയ്യും.