
ഡല്‍ഹി: 2024ഓടെ ഇന്ത്യയ്ക്ക് 50,000 റജിസ്‌റ്റേര്‍ഡ് സ്റ്റാര്‍ട്ടപ്പുകളുണ്ടാകുമെന്നും ആഗോള തലത്തില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാണെന്നും കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. നിലവില്‍ 21,000 സ്റ്റാര്‍ട്ടപ്പുകള്‍ വ്യവസായ- ആഭ്യന്തര വ്യാപാര ഉന്നമന വകുപ്പിന് കീഴില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയധികം സ്റ്റാര്‍ട്ടപ്പുകള്‍ വിജയകരമായി മുന്നോട്ട് പോകവേ 2024 ഓടെ ഇത് 50,000 ആയി ഉയരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.
മാത്രമല്ല ഇപ്പോള്‍ വ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് അവരില്‍ നിന്നും നേരിട്ട് മനസിലാക്കാന്‍ ശ്രമിക്കുമെന്നും വളര്‍ച്ചയ്ക്ക് ആവശ്യമായ നടപടികള്‍ കൃത്യമായി എടുക്കുമെന്നും ഗോയല്‍ അറിയിച്ചു. മാത്രല്ല ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയും റസ്‌റ്റോറന്റുകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്‍കൈ എടുക്കുമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
ബീഫും പോര്‍ക്കും എത്തിച്ച് നല്‍കാന്‍ കഴിയില്ലെന്ന് സൊമാറ്റോ ജീവനക്കാര്‍ അടുത്തിടെ അറിയിച്ചതിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തിരുന്നു. ബീഫും പോര്‍ക്കും ഡെലിവറി ചെയ്യാന്‍ കമ്പനി നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു ജീവനക്കാരുടെ പരാതി. ഈ സാഹചര്യത്തില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും അവര്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കൊല്‍ക്കത്തയില്‍ സൊമാറ്റോ ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും നടത്തി.
ബീഫ് വിഭവങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് താത്പര്യമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. പോര്‍ക്ക് വിഭവങ്ങള്‍ എത്തിക്കാന്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ജീവനക്കാരും തയ്യാറല്ല. എന്നാല്‍, ഇക്കാര്യം അംഗീകരിക്കാന്‍ കമ്പനി തയ്യാറല്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഇഷ്ടമില്ലെങ്കില്‍പ്പോലും ബീഫും പോര്‍ക്കും വിതരണം ചെയ്യേണ്ടിവരുന്നു. എന്നാല്‍, ഇനിയും അത് തുടരാന്‍ തയ്യാറല്ലെന്ന് മൗസിന്‍ അക്തര്‍ എന്ന ജീവനക്കാരന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.