
ന്യൂഡല്‍ഹി: ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം റെയില്‍വെ വിറ്റത് 54,000 ടിക്കറ്റുകള്‍. 10 കോടി രൂപയുടെ യാത്രാടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഏഴാഴ്ച നീണ്ട ലോക്ക്ഡൗണിനുശേഷം തിങ്കളാഴ്ച രാത്രിയാണ് ഐആര്‍സിടിസി വഴി ചില റൂട്ടുകളിലേയ്ക്ക് ടിക്കറ്റ് വിറ്റത്.
രാത്രി 9.15 ആയപ്പോഴേയ്ക്കും 30,000 പിഎന്‍ആറുകളാണ് 54,000 യാത്രക്കാര്‍ക്കായി അനുവദിച്ചത്. വൈകീട്ട് ആറിന് ബക്കിങ് തുടങ്ങിയെങ്കിലും താമസിയാതെ സൈറ്റ് കിട്ടാതായി. തുടര്‍ന്ന് ഏറെനേരം കഴിഞ്ഞാണ് വീണ്ടും ബുക്ക് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഹൗറ-ന്യൂഡല്‍ഹി ഉള്‍പ്പടെ എട്ട് തീവണ്ടികള്‍ക്കായി ബുക്കിങ് ആരംഭിച്ചതോടെ മിനുട്ടുകള്‍ക്കകം എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്തു. ഐആര്‍സിടിസി വഴി മാത്രമാണ് ബുക്കിങ് അനുവദിച്ചിട്ടുള്ളതെങ്കിലും പ്രത്യേക വിഭാഗങ്ങള്‍ക്ക് റെയില്‍വെ സ്റ്റേഷനുകളിലും സൗകര്യം ഒരുക്കിയിരുന്നു.
പാര്‍ലമെന്റ് അംഗങ്ങള്‍, സുപ്രീംകോടി ജഡ്ജിമാര്‍ തുടങ്ങിയ ഉന്നതഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍, സ്വാതന്ത്രസമരസേനാനികള്‍, യാത്രാ ആനുകൂല്യമുള്ള പ്രത്യേക വിഭാഗങ്ങള്‍ എന്നിവര്‍ക്കാണ് സ്റ്റേഷനുകളില്‍ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുള്ളത്. 30 തീവണ്ടികളാണ് ഈയാഴ്ച സര്‍വീസ് നടത്തുക. 16 എണ്ണം ദിനംപ്രതിയും രണ്ടെണ്ണം ആഴ്ചയില്‍ മൂന്നുവീതവും എട്ട് ട്രെയിനുകള്‍ ആഴ്ചയില്‍ രണ്ടു ദിവസം വീതവുമായിരിക്കും സര്‍വീസ് നടത്തുക. നാല് ട്രെയിനുകള്‍ ആഴ്ചയിലൊരിക്കലും ഓടും.